ഗാനഗന്ധര്‍വനു മുമ്പേ കേട്ട മലയാളത്തിന്‍െറ ഗാംഭീര്യമായിരുന്നു കമുകറ പുരുഷോത്തമന്‍. മലയാള ചലച്ചിത്ര ഗാനശാഖയുടെ തുടക്കക്കാലത്ത് കമുകറയെപ്പോലുള്ളവരാണ് അതിനെ നിലനിര്‍ത്തിയത്. അദ്ദേഹം ഓര്‍മയായിട്ട് 10 വര്‍ഷം തികയുകയാണ്. കര്‍ണാടക സംഗീതത്തിലെ വ്യുല്‍പത്തി, ശബ്ദത്തിലൂടെ ആലാപനസാധ്യതയുടെ മറുകരയിലെ ത്താനുള്ള കഴിവ്, ചലച്ചിത്ര സന്ദര്‍ഭങ്ങളെ ആഴത്തിലറിഞ്ഞ് അതിന് ഭാവം നല്‍കുന്ന രീതി, ലളിതഗാനബാണി എന്നിവയെല്ലാം ചേര്‍ന്നതായിരുന്നു കമുകറയുടെ സംഗീത ജീവിതം.
‘ഏകാന്തതയുടെ അപാരതീരം’ എന്ന അദ്ദേഹത്തിന്‍െറ ഗാനം കാലദേശാതിര്‍ത്തിക്കപ്പുറം ഇന്നും ജനഹൃദയത്തില്‍ മുഴങ്ങുന്നു. ബഷീര്‍ ഭാവനയുടെ അപാരതീരങ്ങളെ കമുകറ ഈ പാട്ടില്‍ അടയാളപ്പെടുത്തിയിരുന്നു. ഏകാന്തതയും അപാരതയും ഇണക്കത്തോടെ നിലകൊണ്ട ഈ പാട്ടിലെ അമൂര്‍ത്തവും അദ്വിതീയവുമായ സംഗീത നേരങ്ങളെ ആഴത്തില്‍ ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മറ്റൊരു സീതയെ എന്ന ഗാനം കമുകറയുടെ ശബ്ദത്തിന്‍െറ ഉച്ചസ്ഥായിയെ അനുഭവിപ്പിച്ചു. രണ്ടു ഗാനങ്ങളുടെയും സംഗീതം നിര്‍വഹിച്ചത് ബാബുരാജായിരുന്നു. ഏകാന്തതയും വൈകാരികതയും ലയിപ്പിച്ചു പാടുന്ന രീതികള്‍ക്കാണിവിടെ കമുകറ പ്രാധാന്യം നല്‍കിയത്.
ആത്മവിദ്യാലയമേ, ഈശ്വരചിന്ത, പടച്ചവന്‍ പടച്ചപ്പോള്‍, മന്നിടം പഴയൊരു വിളക്ക് ഇങ്ങനെ എത്രയോ ഗാനങ്ങള്‍. ശോകവും ഭക്തിയുമായിരുന്നു കമുകറയുടെ പാട്ടിലെ അനുശ്രുതികള്‍. ഈ രണ്ടു ഭാവങ്ങളും പരസ്പരപൂരകമെന്നോണം അദ്ദേഹത്തിന്‍െറ ഗാനങ്ങളില്‍ തെളിഞ്ഞുനിന്നു. മായാമാധവ, മായാമയനുടെ ലീല, കരുണാസാഗര, ഓശാന ഓശാന... ഇങ്ങനെ പോകുന്നു ഒരു നിര. ഗംഗാ...യമുനാ എന്ന ദേശഭക്തിഗാനത്തില്‍ അദ്ദേഹം കൊണ്ടുവരുന്ന സ്വരഭേദങ്ങള്‍ ശ്രദ്ധേയമാണ്.
1953ല്‍ പൊന്‍കതിര്‍ എന്ന സിനിമയിലെ ആശങ്കാതിമിരം എന്നഗാനം മുതല്‍ 1993ല്‍ കിളിവാതില്‍ എന്ന ചിത്രത്തിലെ കാശേ നീയാണ് ദൈവം എന്ന ഗാനംവരെ അദ്ദേഹം ഗാനസപര്യ തുടര്‍ന്നു. ഭക്തിയും വിരഹവും വിഷാദവും പ്രണയവും മരണവും എന്തുമാവട്ടെ അവയെല്ലാം കമുകറയുടെ ഗാനലോകത്തില്‍ തത്ത്വചിന്തയുടെ ഗഹനഗൗരവം പൂണ്ടുനിന്നു. 1930ല്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ ജനിച്ച കമുകറ ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
20 വര്‍ഷക്കാലം മലയാള ചലച്ചിത്ര ഗാനശാഖയുടെ ഭാഗമായി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശബ്ദത്തിന്‍െറ ഗാംഭീര്യച്ഛായയിലും വിടര്‍ച്ചയിലും രാഗങ്ങളുടെ ഭിന്നതലങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു കമുകറ. 175ഓളം ഗാനങ്ങള്‍ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.