കണ്ടംബെച്ച കോട്ടിന് 55ാം പിറന്നാള്‍

കോഴിക്കോട്: ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ വിരസതയില്‍നിന്ന് ബഹുവര്‍ണങ്ങളുടെ വിശാല സാധ്യതയിലേക്ക് മലയാളി പ്രേക്ഷകനെ കൈപിടിച്ചുയര്‍ത്തിയ ‘കണ്ടംബെച്ച കോട്ടിന്‍െറ’ 55ാം പിറന്നാള്‍ കോഴിക്കോട്ട് ആഘോഷിച്ചു. ആഘോഷം പഴയ തലമുറയിലെയും പുതുതലമുറയിലെയും അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും ഒത്തുചേരലിനു വേദിയായി. ടൗണ്‍ ഹാളില്‍ മലയാള ചലച്ചിത്രവേദിയും മൂവി മാജിക് അക്കാദമിയും ചേര്‍ന്ന് ഒരുക്കിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.

സിനിമയില്‍ അഭിനയിച്ച നിലമ്പൂര്‍ ആയിഷ, ചലച്ചിത്ര നിര്‍മാതാക്കളായ സര്‍ഗചിത്ര അപ്പച്ചന്‍, അഭിനേതാക്കളായ നാരായണന്‍ നായര്‍, ശശി കലിംഗ, വിജയന്‍ കാരന്തൂര്‍, സംവിധായകന്‍ അലി അക്ബര്‍, തിരക്കഥാകൃത്ത് ശത്രുഘ്നന്‍, ഗായകന്‍ ആര്‍. കനകാംബരന്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീത സംവിധായകരായ കെ.വി. അബൂട്ടി, സുനില്‍ ഭാസ്കര്‍  തുടങ്ങിയവരാണ് ചടങ്ങില്‍ ഒത്തുചേര്‍ന്നത്.

കണ്ടംബെച്ചകോട്ട് സിനിമയുടെ 55ാം വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണ ചടങ്ങും ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യുന്നു
 


നിലമ്പൂര്‍ ആയിഷ ഉള്‍പ്പടെയുള്ളവര്‍ സിനിമയില്‍ അഭിനയിച്ച നാളുകളെക്കുറിച്ചും ഒപ്പം പ്രവര്‍ത്തിച്ചവരെക്കുറിച്ചും ഓര്‍മകള്‍ പങ്കുവെച്ചു. റഹീം പൂവാട്ട്പറമ്പ്, എം.വി. കുഞ്ഞാമു, വി.എം. വിജയന്‍, ഡോ. ഷാഹുല്‍ ഹമീദ്, ഫ്രാന്‍സിസ് അലക്സ്, അഡ്വ. ഫസലുല്‍ ഹഖ്, മുജീബ് കുറ്റാളൂര്‍ക്കാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്ത-സംഗീത വിരുന്നും ഒരുക്കിയിരുന്നു.

ടി.ആര്‍. സുന്ദരത്തിന്‍െറ സംവിധാനത്തില്‍ 1961 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടംബെച്ച കോട്ട്. മുഹമ്മദ് യൂസഫ് രചിച്ച കണ്ടംബെച്ച കോട്ട് എന്ന ഹിറ്റ് നാടകം അതേ പേരില്‍ത്തന്നെ സിനിമയാക്കുകയായിരുന്നു. മോഡേണ്‍ തിയറ്റേഴ്സിന്‍െറ നിര്‍മാണത്തില്‍ കെ.ടി. മുഹമ്മദാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആദ്യ വര്‍ണചിത്രമെന്ന പ്രത്യേകതയുള്ളതുകൊണ്ടുതന്നെ സൂപ്പര്‍ഹിറ്റായി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

Tags:    
News Summary - malayalam film kandam becha kottu golden jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.