കല്‍പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് അമ്പലവയല്‍ മേഖലയില്‍ ക്വാറി, ക്രഷര്‍ പ്രവര്‍ത്തനം തുടരുന്നതായി പരാതി. ആറാട്ടുപാറ, ഫാന്‍റംറോക്ക്, കൊളഗപ്പാറ റോക്ക് എന്നിവയുടെ നിശ്ചിത ദൂരപരിധിക്കുള്ളില്‍ ഖനനം പാടില്ളെന്ന് ഉത്തരവിറക്കിയിട്ടും ഈ ദൂരപരിധിക്കുള്ളില്‍ വരുന്ന മൂന്ന് ക്വാറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് കുമ്പളേരി റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ളബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ദൂരപരിധി അളക്കാനുള്ള ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) ലഭ്യമല്ലാത്തതുകൊണ്ട് ക്വാറികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ കഴിയുന്നില്ളെന്നാണ് ബത്തേരി തഹസില്‍ദാര്‍ പറഞ്ഞത്. അധികൃതരുടെ ഉദാസീനത മുതലെടുത്ത് ആറാട്ടുപാറയുടെ 200 മീറ്റര്‍ പോലും അകലെയല്ലാതെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള തെക്കേ ആറാട്ടുപാറയും ചരിത്രസ്മാരകമായ മുനിയറകള്‍ കൂടുതലുളള ചീങ്ങേരി ട്രൈബല്‍ ഫാമും ആറാട്ടുപാറയുടെ ഒരു കി.മീറ്റര്‍ ദൂരപരിധിയില്‍ വരുന്നവയാണ്. വമ്പിച്ച ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളാണ് ആറാട്ടുപാറ, ഫാന്‍റംറോക്ക്, കൊളഗപ്പാറ എന്നിവ. ഇവയെ സംരക്ഷിക്കുന്നതിനും ഖനന നിരോധ ഉത്തരവ് നടപ്പാക്കാനും ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് ഈമാസം 17ന് ആറാട്ടുപാറയിലേക്ക് സാഹസിക വിനോദയാത്ര നടത്തും. റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ളബ് പ്രസിഡന്‍റ് കെ.പി. ജേക്കബ്, സെക്രട്ടറി എന്‍.കെ. ജോര്‍ജ്, എന്‍.എ. ബിജു, ജയ്സണ്‍ അമ്പാട്ട്, ഇ.ജെ. ഉതുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.