തെങ്ങുകര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ വയനാട് നാളികേര കമ്പനി

കല്‍പറ്റ: തെങ്ങുകര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ വിവിധ പദ്ധതികളുമായി വയനാട് നാളികേര കമ്പനി. കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ വിവിധ പരിപാടികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ജില്ലയിലെ നാളികേര കര്‍ഷകരുടെ കൂട്ടായ്മയാണ് വയനാട് നാളികേര കമ്പനി. നൂറില്‍പരം കര്‍ഷകസംഘങ്ങള്‍ (കോക്കനട്ട് പ്രൊഡ്യൂസര്‍ സൊസൈറ്റീസ്-സി.പി.എസ്) മുഖേനയാണ് ഓഹരി വിതരണംചെയ്യുന്നത്. കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. എന്നാല്‍, രണ്ടുമാസം മുമ്പാണ് കമ്പനിയുടെ ഓഹരികള്‍ വിതരണംചെയ്യാനുള്ള അനുമതിലഭിച്ചത്. സംഭരിക്കുന്ന കൊപ്രയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ കമ്പനിയുടെതന്നെ പ്രത്യേക ബ്രാന്‍ഡായി വിപണനം ചെയ്യും. ഗുണമേന്മകൂടിയ വെര്‍ജിന്‍ ഓയിലും ഉല്‍പാദിപ്പിച്ച് വില്‍ക്കും. സംസ്കരിച്ച നീര ഉല്‍പാദിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കുള്ളന്‍ തെങ്ങിന്‍ തൈകള്‍ വിതരണത്തിന് തയാറാകുന്നുണ്ട്. 100ഓളം സി.പി.എസുകളിലായി 10,000ത്തോളം കര്‍ഷകരാണ് കമ്പനിയുടെ ഓഹരിയുടമകളാകുന്നത്. 1000 രൂപയാണ് ഓഹരികളുടെ മുഖവില. മാര്‍ച്ച് അവസാന വാരത്തോടെ കമ്പനിയുടെ ഓഫിസ് പൂര്‍ണതോതില്‍ പുല്‍പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങും. 10 സി.പി.എസുകള്‍ വീതമുള്ള ഒമ്പതു ഫെഡറേഷനുകളാണ് നിലവിലുള്ളത്. ഫെഡറേഷന്‍ പ്രതിനിധികള്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്്. നാളികേര വികസന ബോര്‍ഡ് അനുവദിച്ച കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ സി.പി.എസുകളാണ് ഡ്രയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവക്ക് നാളികേര വികസനബോര്‍ഡ് 50 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ അതത് സി.പി.എസുകളെ ഏല്‍പിച്ചു. ഓഹരിക്കായി പണമടച്ച കര്‍ഷകര്‍ മാര്‍ച്ച് 15നകം സി.പി.എസുകളില്‍നിന്ന് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ആര്‍ക്കെങ്കിലും പണമടച്ചിട്ടും ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ളെങ്കില്‍ അതത് ഫെഡറേഷന്‍ പ്രസിഡന്‍റുമാരെയോ, കമ്പനി അധികൃതരെയോ ബന്ധപ്പെടണം. പുതുതായി ഓഹരിയെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സി.പി.എസുകള്‍ മുഖേനയോ, കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടോ ഇവ വാങ്ങാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.