വൃത്തിയാക്കാത്തവ വേണ്ട; ഇഞ്ചി കഴുകല്‍ കേന്ദ്രങ്ങളില്‍ തിരക്ക്

പുല്‍പള്ളി: കര്‍ണാടകയിലെ ഇഞ്ചി ഉല്‍പാദക മേഖലകളിലെല്ലാം ഇഞ്ചി കഴുകിവൃത്തിയാക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നു. കുടകിലും ഷിവമോഗയിലും മൈസൂരു ജില്ലയുടെ വിവിധഭാഗങ്ങളിലുമാണ് ഇഞ്ചി കഴുകിവൃത്തിയാക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നത്. കൃഷിയിടങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന ഇഞ്ചി അപ്പോള്‍തന്നെ ഇത്തരം കേന്ദ്രങ്ങളില്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കിയാണ് വില്‍ക്കുന്നത്. കഴുകാത്ത ഇഞ്ചിക്ക് മാര്‍ക്കറ്റില്ലാത്ത അവസ്ഥയാണ്. കയറ്റുമതിചെയ്യുന്ന ഇഞ്ചിയും വൃത്തിയാക്കിയില്ളെങ്കില്‍ കയറ്റിപ്പോകാത്ത സ്ഥിതിയാണ്. ഇക്കാരണങ്ങളാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ രാവും പകലും ഇഞ്ചി കര്‍ഷകരുടെ തിരക്കാണ്. ലോഡുകണക്കിന് ഇഞ്ചിയാണ് ഓരോ ദിവസവും കഴുകി കയറ്റിവിടുന്നത്. ഒരു ചാക്ക് ഇഞ്ചി കഴുകാന്‍ 40 രൂപയാണ് കൂലി. ഇഞ്ചിയിലെ മണ്ണ് പൂര്‍ണമായും ശുചീകരണപ്രക്രിയയില്‍ മാറും. കേടുണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയും. മൂന്നുഘട്ടമായാണ് ഇഞ്ചി കഴുകിവൃത്തിയാക്കുന്നത്. കഴുകാനായി ആദ്യം യന്ത്രത്തില്‍ ഇഞ്ചി നിരത്തും, പിന്നീട് രണ്ടുഘട്ടങ്ങളിലൂടെ ഇഞ്ചിക്ക് ഒരു കേടുപാടും പറ്റാതെ ഇതിലെ മണ്ണും ചളിയുമടക്കം നീക്കംചെയ്യപ്പെടും. ഇഞ്ചിയിലെ മണ്ണ് നീക്കംചെയ്യല്‍ കര്‍ഷകര്‍ക്ക് തലവേദനയായ ഒരു വിഷയമായിരുന്നു. ഇതിനായി പുഴയിലും മറ്റും കൊണ്ടുപോയി ഏറെ സമയം ചെലവഴിക്കണമായിരുന്നു. കൂലിച്ചെലവും കൂടുതലായിരുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് കഴുകല്‍ കേന്ദ്രങ്ങള്‍. കയറ്റുമതിക്കും വില്‍പനക്കുമെല്ലാം കഴുകിവൃത്തിയാക്കിയ ഇഞ്ചി മതിയെന്ന നിലപാടിലാണ് കച്ചവടക്കാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.