പുതുക്കിയ വോട്ടര്‍പട്ടിക പുറത്തിറക്കി; നീലഗിരിയില്‍ 5,63,854 വോട്ടര്‍മാര്‍

ഗൂഡല്ലൂര്‍: പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം നീലഗിരി ജില്ലയില്‍ 5,63,854 വോട്ടര്‍മാര്‍. ഇതില്‍ 13,807 പുതിയ വോട്ടര്‍മാരുണ്ടെന്ന് ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ ഡോ. പി. ശങ്കര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2,74,860 പുരുഷന്മാരും 2,88,994 സ്ത്രീ വോട്ടര്‍മാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ റവന്യൂ ഓഫിസര്‍ ഭാസ്കര പാണ്ഡ്യനു കോപ്പിനല്‍കി പട്ടിക പ്രകാശനം ചെയ്തു. പുതിയ വോട്ടര്‍പട്ടിക എല്ലാ തെരഞ്ഞെടുപ്പ് ബൂത്തുകളിലും ചാവടി, താലൂക്ക് ഓഫിസ്, ആര്‍.ഡി.ഒ ഓഫിസ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വ്യാഴാഴ്ച മുതല്‍ തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിക്കാമെന്നും കലക്ടര്‍ വ്യക്തമാക്കി. ജനുവരി 26ന് നടക്കുന്ന ഗ്രാമസഭകളില്‍ വോട്ടര്‍പട്ടികയിലെ പേരുകള്‍ വായിക്കും. തെറ്റുകളുണ്ടെങ്കില്‍ അതിനുള്ള ഫോറത്തില്‍ അപേക്ഷിക്കാം. ജനുവരി 31നും ഫെബ്രുവരി ആറിനും നടക്കുന്ന പ്രത്യേക ക്യാമ്പുകളില്‍ അപേക്ഷ നല്‍കാം. 18 വയസ്സു മുതല്‍ 25 വരെയുള്ളവര്‍ ജനനതീയതിക്കുള്ള രേഖയും വിലാസം തെളിയിക്കുന്നതിനുള്ള രേഖയും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. 25 വയസ്സിനുമുകളിലെ അപേക്ഷകര്‍ താമസസ്ഥലത്തിനുള്ള തെളിവും മുമ്പത്തെ വിലാസത്തെക്കുറിച്ചുള്ള രേഖയും സമര്‍പ്പിക്കണം. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അപേക്ഷകളില്‍ വ്യക്തമാക്കണമെന്നും അറിയിപ്പില്‍ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.