കല്‍പറ്റ: ജില്ല ഏറക്കാലമായി കാത്തിരിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ സാക്ഷാത്കാരത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മടക്കിമലയില്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്‍െറ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദിവാസികളും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള പിന്നാക്ക ജനത കിലോമീറ്ററുകള്‍ അകലെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലുള്ള ആതുരാലയങ്ങളെയാണ് ഇപ്പോഴും ചികിത്സക്ക് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ വയനാടിന് മുന്തിയ പരിഗണന നല്‍കും. റോഡ് നിര്‍മാണത്തിനായി മൂന്നുകോടി രൂപമാത്രമാണ് കൈയിലുള്ളത്. ബാക്കി തുക അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. മതിയായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ല എന്നതാണ് കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.മെഡിക്കല്‍ കോളജ് വരുമ്പോള്‍ കൂടുതല്‍ തസ്തികയും വേണം. ധനകാര്യ വകുപ്പിന്‍െറ അനുമതിയും ആവശ്യമാണ്. മെഡിക്കല്‍ കോളജിന് മെഡിക്കല്‍ ടൂറിസം എന്ന ലക്ഷ്യം കൂടി ഭാവിയില്‍ കൈവരിക്കാന്‍ കഴിയുമെന്നതിനാല്‍ അത്തരത്തിലുള്ള മുന്‍ഗണന കൂടിയുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുക. അമ്പതേക്കര്‍ കാപ്പിത്തോട്ടം സൗജന്യമായി നല്‍കിയ ചന്ദ്രപ്രഭാ ചാരിറ്റബ്ള്‍ ട്രസ്റ്റിനെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കേശവേന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ എം.വി. ശ്രോയാംസ്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, മുനിസിപ്പല്‍ ചെയര്‍മാന്മാരായ സി.കെ. സഹദേവന്‍, വി.ആര്‍. പ്രവീജ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശകുന്തള ഷണ്‍മുഖന്‍, ലതാശശി, കെ. ദിലീപ് കുമാര്‍, പ്രീതരാമന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശദേവി, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ വി. ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.