നാടറിഞ്ഞ്, നിര്‍ദേശങ്ങളുമായി ദേശീയ മനുഷ്യാവകാശ കമീഷന്‍

കല്‍പറ്റ: പണിയ, അടിയ സമുദായങ്ങളെ പ്രാക്തന ഗോത്രവിഭാഗത്തില്‍ (പി.വി.ടി.ജി) ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്. സമൂഹത്തിന്‍െറ താഴത്തെട്ടിലുള്ള ഇരുസമുദായങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ സമുദായാചാര പ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ പോക്സോ പ്രകാരം കേസ് ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ പൊലീസുകാര്‍ വിവേചനപൂര്‍വം പെരുമാറണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി ജില്ലയിലുണ്ടായിരുന്ന കമീഷന്‍ ജില്ലയിലെ പിന്നാക്ക വിഭാഗക്കാരടക്കമുള്ളവര്‍ക്ക് ഗുണകരമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. കമീഷന്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ദുബെ, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഇന്ദര്‍ജിത് കുമാര്‍, ജേക്കബ് പുന്നൂസ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പോക്സോ: പൊലീസ് കര്‍ക്കശ നിലപാട് എടുക്കരുത് കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം (പോക്സോ) ചാര്‍ത്തി ആദിവാസി യുവാക്കളെ ജയിലില്‍ അടക്കുന്ന കാര്യത്തില്‍ പൊലീസ് കര്‍ശന നിലപാട് എടുക്കരുതെന്നാണ് അഭിപ്രായമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇതില്‍ ഉള്‍പ്പെട്ട ആണും പെണ്ണും ആദിവാസി വിഭാഗക്കാരാണെങ്കില്‍ പൊലീസ് വിവേചനം കാട്ടണം. ആചാരപ്രകാരം നേരത്തേ വിവാഹിതരാകുന്ന ഗോത്രവര്‍ഗക്കാര്‍ അതു തെറ്റായി കാണുന്നില്ല. തങ്ങളുടെ സമൂഹത്തില്‍ അതൊരു പ്രശ്നമല്ളെന്നാണ് അവരുടെ സമീപനം. നിയമം ആര്‍ക്കും പ്രത്യേക ഇളവുകളൊന്നും നല്‍കുന്നില്ല. എങ്കിലും അവരുടെ പാരമ്പര്യവും ജീവിത പശ്ചാത്തലവും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കലക്ടര്‍ നേരത്തേ, വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.