പനമരം ചെറിയപാലം യാത്രക്കാരുടെ ജീവന്‍ പന്താടുന്നു

പനമരം: ടൗണിനടുത്ത് നടവയല്‍ റോഡിലെ ചെറിയപാലം വാഹനയാത്രക്കാരുടെ ജീവന്‍ പന്താടുന്നു. പാലം നിലനിര്‍ത്താന്‍ പൊതുമരാമത്തിന്‍െറ ‘ഓട്ടയടക്കല്‍’ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. അപകടനിലയിലെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊതുമരാമത്ത് ബോര്‍ഡ് വെച്ച പാലമാണിത്. 2011ലെ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനത്തെിയവര്‍ പുതിയപാലം പണിയുമെന്നും മറ്റും പരിസരവാസികളെ അറിയിച്ചിരുന്നു. ഒന്നും നടന്നില്ല. പാലത്തിന്‍െറ അടിവശത്തെ രണ്ടു തൂണുകള്‍ നിലംതൊടാതെയാണ് നില്‍ക്കുന്നത്. പാറക്ക് മുകളിലാണ് തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ പാറക്കും തൂണിനുമിടയില്‍ വലിയ ഗര്‍ത്തമുണ്ടായി. ഏതാനും വര്‍ഷംമുമ്പ് ഈ ഗര്‍ത്തത്തില്‍ സിമന്‍റ് തേച്ച് താല്‍ക്കാലിക ഓട്ടയടക്കല്‍ നടത്തി. പാലത്തിന്‍െറ ബീമുകള്‍ക്കും ബലക്ഷയമുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്‍െറ അടിയില്‍നിന്ന് പ്രത്യേക ശബ്ദമുണ്ടാകും. സിമന്‍റ് അടര്‍ന്നുപോയതിനെ തുടര്‍ന്ന് കമ്പി മാത്രമുള്ള അവസ്ഥയിലായിരുന്നു ഇരുഭാഗത്തെയും കൈവരികള്‍. അഞ്ചു വര്‍ഷം മുമ്പ് കൈവരികളിലും മിനുക്കുപണികള്‍ നടത്തി. പാലംപണിക്ക് ഉന്നതങ്ങളിലേക്ക് നിര്‍ദേശങ്ങള്‍ പോയതായി പൊതുമരാമത്ത് അധികാരികള്‍ പറഞ്ഞു. ഇപ്പോഴുള്ള പാലം പൊളിച്ച് അതേസ്ഥാനത്ത് പുതിയത് പണിയാന്‍ പൊതുമരാമത്തിന് സ്വകാര്യസ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടതായിവരും. ഈ സാഹചര്യത്തില്‍ വന്‍ തുക നഷ്ടപരിഹാരം മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമീപത്ത് ചിലര്‍ നടത്തുന്നുണ്ട്. പൊതുമരാമത്തിലേയും പഞ്ചായത്തിലേയും ചില ജീവനക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി, മാനന്തവാടി-പുല്‍പള്ളി റുട്ടിലെ 60ഓളം ബസുകളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.