തെരഞ്ഞെടുപ്പ് ചട്ടം മറയാക്കി ഭവന നിര്‍മാണ പദ്ധതി പണം ട്രൈബല്‍ വകുപ്പ് നല്‍കുന്നില്ല

മേപ്പാടി: മുക്കില്‍ പീടിക കൈരളി കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ക്കുള്ള പട്ടികവര്‍ഗ വകുപ്പിന്‍െറ ഭവന നിര്‍മാണ പദ്ധതി രണ്ടാം ഗഡു തുക അധികൃതര്‍ വിതരണം ചെയ്യുന്നില്ളെന്ന് പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടമാണ് അധികൃതര്‍ കാരണമായി പറയുന്നത്. കോളനിയിലെ 80ഓളം കുടുംബങ്ങളില്‍ 30ഓളം പേര്‍ക്കാണ് പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ ധനസഹായം 2015ല്‍ അനുവദിച്ചിട്ടുള്ളത്. മറ്റ് 20ല്‍പരം കുടുംബങ്ങള്‍ക്ക് കല്‍പറ്റ ബ്ളോക് പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്നുള്ള തുകയും അനുവദിച്ചിട്ടുണ്ട്. അതും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണനുവദിച്ചത്. പട്ടികവര്‍ഗ വകുപ്പിന്‍േറതായി ഒരു വീടിന് 3.5 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അതിന്‍െറ 52,500 രൂപ ആദ്യ ഗഡു എല്ലാവര്‍ക്കും അനുവദിക്കുകയും ചെയ്തു. ഇതുപയോഗിച്ച് തറ കെട്ടി ബെല്‍റ്റ് വാര്‍ക്കണം. 80,000ല്‍ പരം രൂപ ചെലവഴിച്ചാണ് പലരും തറയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഴയ വീടുകള്‍ പൊളിച്ചുമാറ്റി താല്‍ക്കാലിക ഷെഡുകളിലാണ് കുടുംബങ്ങള്‍ താമസിച്ചുവരുന്നത്. തറയുടെ പണി പൂര്‍ത്തീകരിച്ചാലുടന്‍ രണ്ടാം ഗഡു തുക അനുവദിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. പണി പൂര്‍ത്തീകരിച്ചശേഷം അധികൃതരെ സമീപിച്ചപ്പോള്‍ പല തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ആക്ഷേപം. നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയുടെ തുടര്‍ച്ചക്കായി പണം അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിലക്കുന്നില്ല. അപ്പോഴാണ് തെരഞ്ഞെടുപ്പ് തിരക്ക്, ഫണ്ട് തിരുവനന്തപുരത്തു നിന്നത്തെണം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ട്രൈബല്‍ വകുപ്പധികൃതര്‍ പണം നല്‍കാതിരിക്കുന്നുവെന്ന് ആക്ഷേപമുയരുന്നത്. പണമനുവദിക്കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ളെന്ന് കലക്ടറുടെ ഓഫിസില്‍നിന്നറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ വെറുതെ തടസ്സം നില്‍ക്കുകയാണെന്നാണ് പരാതി. താല്‍ക്കാലിക ഷെഡുകള്‍ പലതും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമായി. മഴക്കാലത്തിന് മുമ്പായി വീടുപണി പൂര്‍ത്തീകരിക്കാമെന്ന് കരുതിയവര്‍ വെട്ടിലായിരിക്കുകയാണിപ്പോള്‍. മഴക്കാലത്തെ എങ്ങനെ അതിജീവിക്കുമെന്നറിയാതെ വിഷമിക്കുകയാണ് പലരും. പട്ടികവര്‍ഗ വകുപ്പധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കോളനിക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.