റോഡിന് വീതികൂട്ടാതെ പനമരം ടൗണ്‍ നവീകരണം

പനമരം: റോഡിന് വീതി കൂട്ടാതെയുള്ള പനമരം ടൗണ്‍ നവീകരണം കോടികള്‍ പാഴാക്കാന്‍ ഇടയാക്കുമെന്ന് ആക്ഷേപം. പൊതുമരാമത്ത് മൂന്നു കോടി മുടക്കിയാണ് നവീകരണം നടത്തുന്നത്. പാലം കവല മുതല്‍ ആശുപത്രി റോഡ് വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. നടപ്പാത കുത്തിപ്പൊളിച്ച് പുതിയത് നിര്‍മിക്കുകയാണ് ചെയ്യുന്നത്. റോഡിന് കുറുകെ ഓവ് പാലവും നിര്‍മിക്കുന്നുണ്ട്. റോഡിന് വീതികൂട്ടാതെയുള്ള പണി ഭാവിയെ മുന്നില്‍ കാണാതെയാണെന്നാണ് ആക്ഷേപം. പനമരം ടൗണിന്‍െറ പ്രത്യേകത റോഡിന് പൊതുവെ വീതി കുറവാണെന്നതാണ്. ഇതിന് മുമ്പ് പലതവണ റോഡ് പണി നടന്നപ്പോള്‍ വീതി കൂട്ടുന്ന കാര്യം ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, പലഭാഗത്തുനിന്നും എതിര്‍പ്പുണ്ടായതോടെ അധികാരികള്‍ ശ്രമം ഉപേക്ഷിച്ചു. ടൗണ്‍ വികസനത്തിന് മൂന്നു കോടി അനുവദിച്ചത് ടൗണിന്‍െറ മൊത്തത്തിലുള്ള വികസനത്തിനാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നടപ്പാത നവീകരണം മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ. അതുതന്നെ ഇഴഞ്ഞുനീങ്ങുകയുമാണ്. പനമരം ഭാഗത്തെ ജനപ്രതിനിധികള്‍ ജില്ലയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ടൗണ്‍ വികസനത്തില്‍ ഭാവിയെ മുന്നില്‍കണ്ടുള്ള നീക്കങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. രണ്ടാഴ്ചയായി ടൗണിലെ ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. മാനന്തവാടി- കല്‍പറ്റ, മാനന്തവാടി- ബത്തേരി റൂട്ടിലെ വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ വരെ കുരുക്കിലകപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.