കാട്ടാനകളെ കല്ളെറിഞ്ഞ സംഭവം: യുവാക്കള്‍ക്ക് ജാമ്യമില്ല

കല്‍പറ്റ: മുത്തങ്ങക്കും പൊന്‍കുഴിക്കുമിടയില്‍ ദേശീയപാതയോരത്ത് നിന്ന കാട്ടാനയെയും കുട്ടിയെയും കല്ളെറിഞ്ഞ കേസില്‍ അറസ്റ്റിലായ നാല് യുവാക്കള്‍ക്ക് ജാമ്യമില്ല. മേപ്പാടി സ്വദേശികളായ പുത്തന്‍പുരയില്‍ ഷമല്‍ ഹാഷിം (21), പാലാപ്പൊടിയന്‍ ഷമീര്‍ (27), മുക്കില്‍പീടിക പാറപ്പുറത്ത് അബ്ദുല്‍ റസാഖ് (21), ചീരാംകുഴിയില്‍ റസാഖ് (26) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍.12 ജെ. 4670 മാരുതി ആള്‍ട്ടോ കാര്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വയനാട് വന്യജീവി കാര്യാലയത്തില്‍ ഇവര്‍ കീഴടങ്ങുകയായിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്‍പറ്റ കോടതിയാണ് ചൊവ്വാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍, ജാമ്യം നല്‍കിയില്ല. യുവാക്കളില്‍ ഒരാളുടെ ഭാര്യയുടെ മാതാവിന്‍െറ പേരിലുള്ളതാണ് വാഹനം. വാഹന ഉടമയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ച്ച് 25ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയോരത്ത് വനത്തില്‍ മേയുകയായിരുന്ന കാട്ടാനയെയും കുട്ടിയെയും കണ്ട് റോഡരികില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ പ്രതികള്‍ ഇവക്കുനേരെ കല്ലുകള്‍ പെറുക്കിയെറിയുകയായിരുന്നു. കുട്ടിയാനക്ക് ഏറുകൊള്ളാതെ തടഞ്ഞുനിന്ന തള്ളയാന രണ്ടു മൂന്നു പ്രാവശ്യം ചിന്നംവിളിച്ച് പാഞ്ഞുചെല്ലാന്‍ ശ്രമിച്ചെങ്കിലും കുട്ടിയാനയുള്ളതിനാല്‍ പിന്തിരിയുകയായിരുന്നു. സഹികെട്ട് കാട്ടാന പാഞ്ഞടുത്തതോടെ കാറില്‍കയറി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. സാക്ഷിയായ മറ്റൊരു യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഒമ്പതാം വകുപ്പുപ്രകാരം കാട്ടാനയെ വേട്ടയാടിയെന്ന കുറ്റം ചുമത്തിയാണ് വനം വകുപ്പ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 25,000 രൂപ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.