മോഷ്ടിച്ച വാഹനം അമിതവേഗതയില്‍ ഓടിച്ചയാള്‍ പരിഭ്രാന്തി പരത്തി

സുല്‍ത്താന്‍ ബത്തേരി: മോഷ്ടിച്ച വാഹനം അമിതവേഗതയില്‍ ഓടിച്ചയാള്‍ മണിക്കൂറുകള്‍ പൊലീസിനെയും നാട്ടുകാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. വാഹനം പിടിക്കാന്‍ വിവിധയിടങ്ങളില്‍ നിന്ന പൊലീസ് സംഘത്തെ സിനിമാസ്റ്റൈലില്‍ വെട്ടിച്ചു വീണ്ടും മരണപ്പാച്ചില്‍. അഞ്ചു മണിക്കൂര്‍ മരണപ്പാച്ചില്‍ നീണ്ടു. മൂന്നു പൊലീസ് വാഹനങ്ങളടക്കം എട്ടു വാഹനങ്ങളുമായി കൂട്ടിയിടിച്ചു. നാലിടങ്ങളിലായി നാല് പൊലീസുകാര്‍ക്ക് പരിക്ക്. അവസാനം ബത്തേരിക്കടുത്ത മന്ദംകൊല്ലിയില്‍ പൊലീസില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. ഓടിമറഞ്ഞ ഡ്രൈവറെ തേടി പൊലീസിന്‍െറ തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഗൂഡല്ലൂരില്‍നിന്നും വന്ന ടി.എന്‍. 72/വൈ 2424 പിക്കപ്പ് ജീപ്പാണ് നിരവധി അപകടങ്ങള്‍ക്കും നീണ്ടുനിന്ന ആശങ്കകള്‍ക്കും കാരണമായത്. ഗൂഡല്ലൂരില്‍നിന്നും ചോലാടി അതിര്‍ത്തി ചെക്പോസ്റ്റില്‍ വണ്ടിക്ക് തമിഴ്നാട് പൊലീസ് കൈകാണിച്ചെങ്കിലും വെട്ടിച്ച് കടന്നുപോവുകയായിരുന്നു. ഇവിടെ ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ അതിര്‍ത്തിക്കടുത്ത മേപ്പാടി പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയെങ്കിലും വാഹനം കണ്ടത്തൊന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കല്‍പറ്റ വഴി പനമരത്തേക്ക് വാഹനം തിരിച്ചുവിട്ടു. തുടര്‍ന്ന് കല്‍പറ്റയിലും കമ്പളക്കാട്ടും പനമരത്തും റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാഹനം ഉരസി കമ്പളക്കാട്ടും പനമരത്തും ഓരോ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കമ്പളക്കാട് എതിര്‍വശത്തുനിന്ന് വന്ന ലോറിയില്‍ നിയന്ത്രണംവിട്ട് ഇടിച്ചെങ്കിലും വീണ്ടും നിര്‍ത്താതെ കടന്നുപോവുകയായിരുന്നു. പനമരം ബീവറേജസ് ഡിപ്പോ പരിസരത്ത് പൊലീസ് വാഹനം തടഞ്ഞു. വെട്ടിത്തിരിച്ച വണ്ടി നീരട്ടാടി റോഡിലൂടെ അരിഞ്ചേര്‍മല വഴി മാനന്തവാടി-കല്‍പറ്റ റോഡിലെ പച്ചിലക്കാട്ടത്തെി. അവിടെനിന്നും മീനങ്ങാടിക്ക് തിരിച്ചുവിടുകയായിരുന്നു. മീനങ്ങാടിയില്‍ വാഹനം തടയാനുള്ള പൊലീസിന്‍െറ ശ്രമത്തിനിടയില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഉരസിയെങ്കിലും ബത്തേരി ഭാഗത്തേക്ക് വണ്ടി കുതിച്ചുപാഞ്ഞു. തമിഴ്നാട്-കേരള പൊലീസ് വാഹനത്തിനെ പിന്തുടര്‍ന്നെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. ബത്തേരി മണിച്ചിറ റോഡ് ജങ്ഷനില്‍ പൊലീസ് കാവല്‍നിന്നതിനെതുടര്‍ന്ന് വീണ്ടും വാഹനം തിരിച്ചുവിട്ട് ബീനാച്ചിയിലത്തെി പനമരം ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് മന്ദന്‍കൊല്ലിയില്‍ വാഹനം മറിഞ്ഞത്. തമിഴ്നാട്-കേരള പൊലീസുകാര്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹന പരിശോധനയില്‍ വാഹനത്തിനുള്ളില്‍ ഒന്നും കണ്ടത്തൊനായിട്ടില്ല. വാഹനമോടിച്ചയാള്‍ക്കായി രാത്രി വൈകിയും പൊലീസ് അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.