ഗൂഡല്ലൂര്‍: തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമല്ലാത്തതിനാല്‍ സ്വകാര്യ കമ്പനികളുടെ സേവനം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട്ടിലെ കോര്‍പറേഷന്‍, നഗരസഭകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ തെരുവുവിളക്ക് പരിപാലനവും പുതിയവ സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള സേവനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. വൈദ്യുതി ലഭ്യമാകാത്ത ഭാഗങ്ങളില്‍ സോളാര്‍ സ്ഥാപിച്ചും തെരുവുവിളക്ക് സൗകര്യം നല്‍കുന്നുണ്ടെങ്കിലും ഇവരുടെ സേവനത്തെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ പരാതികള്‍ ഏറുകയാണ്. മാത്രമല്ല, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് ഇതേക്കുറിച്ച് ഭരണസമതി യോഗങ്ങളില്‍ പരാതിപ്പെടാനും കഴിയാതെ വന്നിരിക്കുകയാണ്. യോഗത്തില്‍ ഉന്നയിച്ചാല്‍ തെരുവുവിളക്കുകളുടെ പരിപാലനം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലായതിനാല്‍ നഗരസഭാ അധികൃതര്‍ക്കോ ഭരണസമിതിക്കോ ഒന്നും ചെയ്യാന്‍ പറ്റില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്. അതിനാല്‍ സ്വകാര്യ സേവനം റദ്ദ് ചെയ്യണം. ഇതിനിടെ, ഊട്ടി നഗരസഭയുടെ പരിപാലന ചുമതലയുള്ള കമ്പനിയുടെ വാഹനം തടഞ്ഞ് ഭരണകക്ഷി കൗണ്‍സിലര്‍ പ്രതിഷേധിച്ചത് വിവാദമായിട്ടുണ്ട്. ഊട്ടി നഗരസഭയുടെ വാര്‍ഡുകളില്‍ സ്ഥാപിക്കുന്ന തെരുവുവിളക്കുസാമഗ്രികളും മറ്റും ഗുണമേന്മയില്ലാത്തതാണെന്നും പരിപാലനം കാര്യക്ഷമമല്ളെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ കൗണ്‍സിലര്‍ ഇംതിയാസാണ് വാഹനത്തിനുമുന്നില്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചത്. കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലറുടെ പ്രതിഷേധം. സ്വകാര്യ കമ്പനികളുടെ സേവനത്തെക്കുറിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ സത്യഭാമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.