കടുവാഭീതി; റാപ്പിഡ് റെസ്പോണ്‍സ് ടീം നിരീക്ഷണം തുടങ്ങി

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ ആക്രമണം വര്‍ധിക്കുകയും കൂട്ടില്‍ കുടുങ്ങാതിരിക്കുകയുംചെയ്ത സാഹചര്യത്തില്‍ അവയെ നിരീക്ഷിക്കാനുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍െറ പ്രവര്‍ത്തനം തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തില്‍നിന്നുള്ള അഞ്ചംഗ ടീമാണ് നിരീക്ഷണത്തിനുള്ളത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ചാര്‍ജ് വഹിക്കുന്ന പി. ധനേഷ്കുമാര്‍, നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണസംഘം പ്രവര്‍ത്തിക്കുന്നത്. അതിനിടെ കൊളങ്ങോട് സ്ഥാപിച്ച കെണി ഞായറാഴ്ച തലപ്പുഴ 43ലേക്കുമാറ്റി സ്ഥാപിച്ചു. തലപ്പുഴയിലെ ചില പ്രദേശങ്ങളില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചെങ്കിലും വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചില്ല. കഴിഞ്ഞദിവസം തലപ്പുഴ 43ല്‍ പറയിടത്തില്‍ ജോര്‍ജിന്‍െറ രണ്ടു പോത്തുകളെ കടുവ കൊന്നിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നാം തീയതി മുതലാണ് തലപ്പുഴ 43, ഇടിക്കര, കൊളങ്ങോട്, മാനി, മേലേ വരയാല്‍ എന്നീ സ്ഥലങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടായത്. 43ലും കൊളങ്ങോടും കാട്ടുപന്നിയെ ് കൊല്ലുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കൊളങ്ങോട് കൂടും കാമറയും സ്ഥാപിച്ചിരുന്നു. കാമറയില്‍ നാലുവയസ്സുള്ള പെണ്‍കടുവയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും കെണിയില്‍ അകപ്പെടാതെ വനം ജീവനക്കാരെയും നാട്ടുകാരെയും വട്ടം കറക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ സന്ധ്യമയങ്ങുന്നതോടെ വീട്ടിനുള്ളില്‍നിന്നും പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ കടുവയുടെ ആക്രമണം വനംവകുപ്പ് ജീവനക്കാര്‍ക്ക് തലവേദനയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.