കോണ്‍ഗ്രസിന്‍െറ മുസ്ലിം അവഗണനക്കെതിരെ പരാതി

കല്‍പറ്റ: മുസ്ലിംകളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അവഗണിക്കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് വെള്ളമുണ്ടയിലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി.കെ. മമ്മൂട്ടിയുടെ പരാതി. 1982 മുതല്‍ കെ.എസ്.യുവില്‍ അംഗമായി പാര്‍ട്ടി പ്രവര്‍ത്തന രംഗത്തേക്ക് വന്ന വ്യക്തിയാണ് താന്‍. യൂനിറ്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറി, മൈനോറിറ്റി സെല്‍ ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ 33 വര്‍ഷം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ചരിത്രത്തിലില്ലാത്ത വിധം അടുത്ത കാലത്ത് വയനാട്ടിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടി അവഗണിക്കുകയാണ്. ഇത് ഏറെ വേദനാജനകമാണ്. പ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുന്നതുമാണ്. കഴിഞ്ഞ പാര്‍ട്ടി പുന$സംഘടനയില്‍ ജില്ലയില്‍ 35 മണ്ഡലം കമ്മിറ്റികളില്‍ മൂന്ന് മണ്ഡലം പ്രസിഡന്‍റുമാരെ മാത്രമാണ് മുസ്ലിം സമുദായത്തില്‍നിന്ന് പാര്‍ട്ടി നിയോഗിച്ചത്. ആറ് ബ്ളോക് പ്രസിഡന്‍റുമാരില്‍ ഒരു ബ്ളോക് പ്രസിഡന്‍റ് മാത്രമാണ് മുസ്ലിം വിഭാഗക്കാരന്‍. ഇക്കാര്യത്തില്‍ ഗ്രൂപ് പറയുകയാണെങ്കില്‍ എ ഗ്രൂപ് മാത്രമാണ് ഈ നാലുപേരെയും പരിഗണിച്ചത്. കെ.പി.സി.സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു എന്ന് പറയുന്നു. എന്നാല്‍, എല്ലാം കാറ്റില്‍പറത്തി തന്‍െറ ആശ്രിതവത്സലര്‍ക്കും സ്വന്തം സമുദായത്തിലെ പ്രമാണിമാര്‍ക്കും ഡി.സി.സി പ്രസിഡന്‍റ് സീറ്റുകള്‍ നല്‍കി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവരെയും അവഗണിച്ച ഡി.സി.സി നേതൃത്വം പാര്‍ട്ടിയെ ജില്ലയില്‍ തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.