അണക്കെട്ട്​ തുറക്കൽ: ഉത്തരവാദിത്തം സമ്മതിച്ച്​ ജലസേചന വകുപ്പ്​

തിരുവനന്തപുരം: പ്രളയമുണ്ടായാൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയായ 'എമർജൻസി ആക്ഷൻ പ്ലാനി'ൻെറ ഉത്തരവാദിത്തം തങ്ങൾക്ക് തന്നെയെന്ന് ജലസേചന വകുപ്പ്. വകുപ്പിൻെറ വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആക്ഷൻ പ്ലാൻ റിപ്പോർട്ടിൽ നടപടികളുടെ ഉത്തരവാദിത്തം തങ്ങൾക്ക് മാത്രമല്ലെന്ന് വിശദീകരിച്ചിരുന്നു. ഇക്കാര്യം മേയ് 21ന് മാധ്യമം റിപ്പോർട്ട് ചെയ്യുകയും വിവാദമാകുകയും ചെയ്തതോടെയാണ് വകുപ്പ് നിലപാട് തിരുത്തിയത്. അണക്കെട്ട് പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ എമർജൻസി പ്ലാനുകളുടെയും ഉത്തരവാദിത്തം പരിപൂർണമായി ജലസേചന വകുപ്പിനാണെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. പ്ലാനിൻെറ പരിപൂർണ ഉത്തരവാദിത്തം ജലസേചന വകുപ്പിൽ നിക്ഷിപ്തമാണെങ്കിലും ഏകോപന ചുമതല ജലസേചന വകുപ്പിനുകീഴിൽ മാത്രമായി വരുന്നതില്ലെന്നാണ് ഉദ്ദേശിച്ചത്. വകുപ്പിൻെറ ഉത്തരവാദിത്തത്തിൽപെട്ട പ്ലാനിൻെറ വിജയകരമായ നിർവഹണത്തിന് വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവർത്തനം ഏകോപിപ്പിക്കേണ്ട ചുമതല ജില്ല ദുരന്ത നിവാരണ വകുപ്പിൽ നിക്ഷിപ്തമാെണന്നും ചീഫ് എൻജിനീയർ വ്യക്തമാക്കി. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടേണ്ട ചുമതല സംബന്ധിച്ച ആശയക്കുഴപ്പമാണ് കഴിഞ്ഞ പ്രളയ കാലത്ത് ദുരന്തത്തിൻെറ ആക്കം കൂട്ടിയതെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജല അതോറിറ്റി മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതാണ് നഗരപ്രദേശങ്ങളിൽ വെള്ളം കയറാനിടയാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, തങ്ങൾക്ക് മാത്രമായി ഏകോപന ചുമതലയില്ലെന്ന് പറയുന്ന ചീഫ് എൻജിനീയർ, നടപടിയുടെ ഉത്തരവാദിത്തം ലഘൂകരിക്കുകയാണെന്നും വിമർശനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.