പോത്തൻകോട്: സ്വകാര്യവ്യക്തിയുടെ അപേക്ഷയിൽ രണ്ടര കിലോമീറ്ററോളം റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാനുള്ള ജലവകുപ്പ് അധികൃതരുടെ നീക്കം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പോത്തൻകോട്- മാണിക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായി വരുന്ന താളംകോട്-നേതാജിപുരം- എസ്.എൻ പുരം റോഡിലൂടെ ഏകദേശം രണ്ടര കിലോമീറ്റർ നീളം പൈപ്പ് ലൈൻ കൊണ്ടുപോകാനുള്ള ശ്രമമാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് കെ. വേണുഗോപാലൻ നായർ, വാർഡംഗം നേതാജിപുരം അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്. എന്നാൽ മാണിക്കൽ പഞ്ചായത്തിലെ തീപ്പുകൽ വാർഡംഗം ശരണ്യ അപേക്ഷകനായ സ്വകാര്യ വ്യക്തിക്കുവേണ്ടി രംഗത്തെത്തിയതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. പോത്തൻകോട് എസ്.ഐ അജീഷിൻെറ നേതൃത്വത്തിൽ പൊലീസെത്തിയാണ് സംഭവം ശാന്തമാക്കിയത്. റോഡ് ആരുടേതെന്നതിനെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. ഇത് സംബന്ധിച്ചുള്ള വിവരം അറിയുന്നതിനായി ഗ്രാമപഞ്ചായത്ത് ജില്ല പഞ്ചായത്തിലേക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടുന്നതുവരെ നടപടികൾ നിർത്തിെവക്കാൻ ധാരണയായി. സ്വകാര്യവ്യക്തി പണമടച്ചതിനെ തുടർന്ന് ജലവകുപ്പിന് മേൽനോട്ടം മാത്രമാണുള്ളതെന്നും സ്ഥലത്തെത്തിയ ജലവകുപ്പ് അസിസ്റ്റൻറ് എൻജിനീയർ ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.