തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്ലല്ലാതെ വാഹനപരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ കർശന നിർദേശം നിലനിൽക്കെ മാർഗനിർദേശങ്ങൾ ലംഘിച്ച് സിറ്റിയിൽ പൊലീസിൻെറ വാഹനപരിശോധന. കോവിഡിൻെറ സമൂഹവ്യാപന സാധ്യത നിലനിൽക്കെയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പതുവരെ 'സ്പെഷൽ ഡ്രൈവി'നിറങ്ങാൻ ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോഗ്റെ പൊലീസുകാരോട് ആവശ്യപ്പെട്ടത്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ പല സ്റ്റേഷനുകളിൽനിന്നും പൊലീസുകാർക്ക് പരിശോധനക്കിറങ്ങേണ്ടിവന്നു. മേലാധികാരികളുടെ നടപടിയിൽ സേനക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അത്യാവശ്യഘട്ടത്തിലൊഴികെ വാഹനപരിശോധന പാടില്ലെന്ന് േമയ് 17ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചത്. വാഹനരേഖകളുടെ പരിശോധന, അറസ്റ്റ്, പരാതിക്കാരോട് സംസാരിക്കൽ, പ്രതിഷേധങ്ങളെ നേരിടൽ എന്നിവ സംബന്ധിച്ച പ്രത്യേക മാർഗനിർദേശങ്ങളും സംസ്ഥാന സർക്കാറിൻെറ നിർദേശപ്രകാരം ഡി.ജി.പി പുറത്തിറക്കിയിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ വാഹനപരിശോധന നടത്തുകയാണെങ്കിൽ രേഖകൾ കൈയിൽ വാങ്ങാൻ പാടില്ലെന്നും സാമൂഹിക അകലം പാലിക്കാതെയുള്ള പരിശോധനകൾ ഒഴിവാക്കണമെന്നും ഡി.ജി.പി അറിയിച്ചു. പരിശോധനവേളയിൽ ഉദ്യോഗസ്ഥർ ഗ്ലൗസും മാസ്കും ധരിക്കണമെന്നും സാനിറ്റൈസർ കരുതണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, വാഹനങ്ങളുടെ രേഖകളടക്കം പരിശോധിച്ച് പെറ്റി ഇൗടാക്കണമെന്നായിരുന്നു എ.സി.പിയുടെ നിർദേശം. വാഹനപരിശോധനക്കിറങ്ങിയ ഭൂരിഭാഗം പൊലീസുകാർക്കും കൈകളിൽ ഗ്ലൗസും ഉണ്ടായിരുന്നില്ല. പലയിടത്തും സാമൂഹിക അകലം പാലിക്കാതെയായിരുന്നു പരിശോധന. ഫോട്ടോ ക്യാപ്ഷൻ: ശനിയാഴ്ച വൈകീട്ട് ചാക്കയിൽ നടന്ന പൊലീസിൻെറ വാഹനപരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.