കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അയൽവാസികളായ യുവാക്കൾക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ ഉപയോഗിച്ചത് എയർ പിസ്റ്റളാണെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആദ്യം കേസ് മറച്ചുെവക്കാൻ പൊലീസ് ശ്രമിച്ചതായി സംഭവദിവസം തന്നെ ആരോപണമുയർന്നിരുന്നു. നഗരൂർ ഇളമ്പ എസ്റ്റേറ്റ് ഉടമയുടെ മകൻ അർജുൻ വിജയ്യെയാണ് (32) ഞായറാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ കോട്ടയ്ക്കൽ ദയാ ഭവനിൽ ഉദയകുമാർ (39), തേക്കുവിള വീട്ടിൽ മനീഷ് (31) എന്നിവർക്കുനേരെയാണ് അർജുൻ വെടിയുതിർത്തത്. രണ്ടുവട്ടം തുടർച്ചയായി വെടിയുതിർത്തെങ്കിലും ഇത്തരത്തിലൊരു സംഭവമില്ലെന്നാണ് ആദ്യം പൊലീസ് നൽകിയ വിവരം. പൊലീസ് പറയുന്നതിങ്ങനെ: നഗരൂർ ഇളമ്പയിൽ 80 ഏക്കർ വരുന്ന എസ്റ്റേറ്റ് അർജുൻ വിജയിയുടെ പിതാവ് വിജയകുമാറിൻെറ പേരിലാണ്. ഇവർ വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. രണ്ടുവർഷം മുമ്പാണ് ഇവിടേക്ക് താമസത്തിനെത്തിയത്. അയൽവാസികളായ ചിലരുടെ ഉപദ്രവം നിരന്തരം ഉണ്ടാകാറുണ്ടത്രെ. ഇതുസംബന്ധിച്ച് പൊലീസ് നിരവധി തവണ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. സംഭവദിവസം അർജുനും കുടുംബവും വാഹനത്തിൽ വരവേ ഗേറ്റ്മുക്ക് കവലയിൽ െവച്ച് വാഹനത്തിന് ഇരുവരും തടസ്സം നിന്നെന്നാരോപിച്ചായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയുമായി ബന്ധപ്പെട്ടശേഷമാണ് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്ന് എസ്.ഐ സാഹിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.