തിരുവനന്തപുരം: അബ്കാരി കേസിൽ റിമാൻഡിൽ കഴിയവെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട വെഞ്ഞാറമൂട് സ്വദേശിയും ദേവസ്വംബോർഡ് ജീവനക്കാരനുമായ യുവാവിൻെറ റൂട്ട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ മാസം 11 മുതൽ 24ന് രോഗം സ്ഥിരീകരിക്കപ്പെടുന്നതുവരെയുള്ള വിവരങ്ങളാണ് മാപ്പിലുള്ളത്. 11ന് ഇയാൾ സുഹൃത്തുമായി ഓട്ടോയിൽ കാട്ടായിക്കോണത്തെത്തി. അവിടെ നിന്ന് മറ്റൊരു സുഹൃത്തിൻെറ ഷെവർലേ കാറിൽ പാപ്പനംകോട് എസ്റ്റേറ്റ് ജങ്ഷനിലെത്തി. ജങ്ഷനിലെ കടയിൽനിന്ന് നാരങ്ങവെള്ളം കുടിച്ചശേഷം കാർ നന്നാക്കാൻ നൽകിയിരുന്ന പാപ്പനംകോട് കാർ സർവിസ് സ്റ്റേഷനിലെത്തി. ഇവിടെ ഒന്നര മണിക്കൂറോളം ചെലവഴിച്ചു. തുടർന്ന്, സ്വന്തം സ്വിഫ്റ്റ് കാറിൽ വീട്ടിലേക്കും സുഹൃത്തുകൾ രണ്ടുപേരും ഷെവർലേ കാറിൽ വീട്ടിലേക്കും പോയി. 12ന് കഴക്കൂട്ടത്തുള്ള കാർ വർക് ഷോപ്പിൽ സുഹൃത്തുകളുമായി എത്തി. 13ന് രാവിലെ മുടിവെട്ടുന്നതിന് സുഹൃത്തുകളുമായി രണ്ട് ബാർബർമാരുടെ വീട്ടുകളിലേക്ക് പോയി. വൈകീട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനായി ചിറയിൻകീഴുള്ള ഡോക്ടറുടെ വീട്ടിലെത്തി. 14ന് മദ്യം വാങ്ങുന്നതിന് നന്ദിയോടുള്ള സുഹൃത്തിെന കണ്ടു. തുടർന്ന്, പോത്തൻകോട്ടെ ഹോട്ടലിലെത്തി ഭക്ഷണം വാങ്ങി പുളിമാത്തുള്ള സഹോദരൻെറ വീട്ടിലെത്തി. 15 മുതൽ 22 വരെ ഇയാൾ വേങ്ങമലയിലെ ഹോട്ടലിലും സുഹാസ് ഓഡിറ്റോറിയത്തിനു സമീപത്തെ പാൻ മസാല കടയിലും നിരന്തരം എത്തിയിരുന്നു. വൈകുന്നേരങ്ങളിൽ സുഹൃത്തുകളുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് മദ്യവുമായി വരുന്നതിനിടയിലാണ് 22ന് ആലിയാട് വച്ച് ഇയാളെയും സുഹൃത്തുകളെയും നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പൊലീസിനെ ഏൽപിക്കുന്നത്. 23ന് ആരോഗ്യപരിശോധനക്കായി പൊലീസ് കന്യാകുളങ്ങര സി.എച്ച്.സിയിൽ കൊണ്ടുപോയി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. ഇതിനു ശേഷമാണ് പൂജപ്പുര സബ്ജയിലിലേക്ക് മാറ്റുന്നത്. ഇയാളുമായി ഇടപഴകിയ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയതായി ജില്ല ഭരണകൂടം അറിയിച്ചു. ഇയാൾ സഞ്ചരിച്ച ദിവസങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 1077,1056, 04712466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.