ഡൽഹിയിൽനിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുലർച്ച 5.15ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷനിലെത്തി. 1054 പേരിൽ 348 യാത്രക്കാർ തിരുവനന്തപുരത്തും 420 പേർ എറണാകുളത്തും 286 പേർ കോഴിക്കോട്ടും ഇറങ്ങി. കോഴിക്കോടെത്തിയ 286 പേരിൽ രോഗലക്ഷണം കണ്ട ഏഴുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേർ കോഴിക്കോടുകാരാണ്. വയനാട്, മലപ്പുറം, കാസർകോട് ജില്ലക്കാരായ ഓരോരുത്തരുമുണ്ട്. എറണാകുളെത്തത്തിയ 420 പേരിൽ 237 പേർ പുരുഷന്മാരും 174 പേർ സ്ത്രീകളുമാണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനിലെത്തിയത്. യാത്രക്കാരിൽ ഒരാളെ നെഞ്ചുവേദനയെതുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ -45, ഇടുക്കി -20, കോട്ടയം -75, പത്തനംതിട്ട -46, തൃശൂർ -91, മലപ്പുറം -രണ്ട്, പാലക്കാട്‌ -12, കണ്ണൂർ -ഒന്ന്, വയനാട് -മൂന്ന്, കൊല്ലം -19 എന്നിങ്ങനെയാണ് എറണാകുളത്തെത്തിയവരുടെ കണക്കുകൾ. തിരുവനന്തപുരത്തെത്തിയ 348 പേരിൽ തിരുവനന്തപുരത്തുള്ള 131 പേരും കൊല്ലത്തുള്ള 74 പേരും പത്തനംതിട്ടയിലുള്ള 64 പേരും ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലുള്ള 21 പേരും തമിഴ്‌നാട്ടിൽനിന്നുള്ള 58 പേരും ഉണ്ടായിരുന്നു. തമിഴ്നാട്ടിലുള്ളവരെ കൊണ്ടുപോകാൻ അഞ്ച് ബസും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് രണ്ട് ബസും ആലപ്പുഴ, കോട്ടയം, കാട്ടാക്കട, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസും ഏർപ്പെടുത്തി. യാത്രക്കാരെ ആരോഗ്യ പരിശോധന നടത്തിയാണ് പുറത്തിറക്കിയത്. ഇതിനായി പത്ത് കൗണ്ടറുകള്‍ സജ്ജമാക്കി. യാത്രക്കാരില്‍ രോഗലക്ഷണം പ്രകടിപ്പിച്ച പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. യാത്രക്കാരെ പൂര്‍ണമായും പുറത്തിറക്കിയശേഷം റെയിൽവേ സ്റ്റേഷനും യാത്രക്കാരെ കൊണ്ടുപോയ ടാക്‌സികളും ബസുകളും ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ അണുമുക്തമാക്കി. വീടുകളിലേക്ക് അയച്ചവർ കർശനമായി ഹോം ക്വാറൻറീൻ നിബന്ധനകൾ പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.