ഓട്ടോ തൊഴിലാളികളുടെ കുടുംബങ്ങൾ പ്രതിസന്ധിയിൽ; നിബന്ധനകളോടെയെങ്കിലും ഓടാൻ അനുവദിക്കണമെന്നാവശ്യം

കല്ലമ്പലം: ലോക്ഡൗൺ നീളുന്നതോടെ ഓട്ടോ തൊഴിലാളികളുടെ കുടുംബങ്ങൾ പ്രതിസന്ധിയിലായി. ടാക്സി ഉൾപ്പെടെ വിവിധ ജീവിതമേഖലകളിൽ ഇളവുകൾ അനുവദിച്ചിട്ടും ഓട്ടോ തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകാത്തതാണ് ഇവരെ വലയ്ക്കുന്നത്. പല മേഖലകളിലും സഹായങ്ങൾ ലഭിച്ചെങ്കിലും ഇവർക്ക് മാത്രം ഒരു സഹായവും ലഭിച്ചില്ല. കല്ലമ്പലം മേഖലയിലെ ബഹു ഭൂരിപക്ഷം തൊഴിലാളികളുടെയും റേഷൻ കാർഡുകളും മുൻഗണനാ പട്ടികയിലുള്ളതാണ്. സർക്കാർ അനുവദിച്ച സൗജന്യ റേഷൻ കിറ്റുകൾ പോലും ഇനിയും ലഭിച്ചിട്ടില്ല. അത്യാവശ്യ ആവശ്യങ്ങൾക്ക് ഓട്ടോയുമായി പുറത്തിറങ്ങിയാൽ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയാലും പൊലീസ് കേസെടുക്കുകയും വണ്ടി പിടിച്ചിടുകയും ചെയ്യുകയാണത്രെ. മാത്രമല്ല, പെറ്റിയും ഈടാക്കുന്നു. മറ്റു മേഖലകളിലെന്നതു പോലെ നിബന്ധനകളോടെയെങ്കിലും ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ............................ കടമ്പാട്ടുകോണത്തെ ദുർഗന്ധം മാറ്റാൻ നടപടിയില്ല; സി.പി.ഐ പ്രക്ഷോഭത്തിന് കല്ലമ്പലം: ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്ത് പിടിച്ചെടുത്ത അഴുകിയ മത്സ്യം മറവു ചെയ്തതിലെ അപാകത പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഞ്ചായത്ത് നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓപറേഷൻ സാഗർ റാണി പദ്ധതിപ്രകാരം ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കേടായ മത്സ്യം അധികൃതർ പഞ്ചായത്തിൻെറ സഹായത്തോടെ പിടികൂടി നശിപ്പിച്ചിരുന്നു. എന്നാൽ, ആഴത്തിലുള്ള കുഴിയെടുക്കാതെ മത്സ്യം കൂട്ടിയിട്ട് അതിനു മുകളിൽ മണ്ണിട്ടു മൂടുകയായിരുന്നു. വേനൽമഴ ശക്തമായതോടെ മണ്ണ് ഇടിഞ്ഞുതാണ് പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ സമരരംഗത്തിറങ്ങുന്നതെന്ന് പാർട്ടി നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.