വിഴിഞ്ഞം: അതിർത്തി മേഖലയിലെ നിയന്ത്രണങ്ങൾ മറികടന്ന് തമിഴ്നാട്ടിൽ നിന്നുള്ള വനിതാസംഘം ഓട്ടോയിൽ വിഴിഞ്ഞത്ത് എത്തി. ബന്ധുവീട്ടിൽ എത്തിയ വൃദ്ധയും യുവതിയും കുട്ടിയുമടങ്ങിയ സംഘത്തെ തീരദേശ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച മത്സ്യബന്ധന വള്ളത്തിൽ കടൽമാർഗം എത്തി പിടിയിലായ യുവാക്കളുടെ മാതാവായ യുവതിയും പത്ത് വയസ്സുകാരിയായ മകളും യുവതിയുടെ മാതാവായ അറുപതുകാരിയുമാണ് ഞായറാഴ്ച വിഴിഞ്ഞത്തെത്തിയത്. കടൽവഴി വിഴിഞ്ഞത്തെ കുഞ്ഞമ്മയുടെ വീട്ടിൽ എത്തിയ യുവാക്കളെ അധികൃതർ കണ്ടെത്തി ക്വാറൻറീനിൽ ആക്കിയ വിവരമറിഞ്ഞാണ് മാതാവ് ഉൾപ്പെടെയുള്ളവരുടെ വരവ്. ഇനയത്ത് നിന്ന് രാത്രിയിൽ തമിഴ്നാട് ഓട്ടോയിൽ അതിർത്തിയായ നീരോടിയിൽ എത്തിയ സംഘം അവിടെയിറങ്ങി. തുടർന്ന് കേരള രജിസ്ട്രേഷൻ ഓട്ടോയിൽ 20 കിലോമീറ്ററോളം താണ്ടി വിഴിഞ്ഞത്ത് എത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. പൊഴിയൂർ, പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം എന്നീ പൊലീസ് സ്റ്റേഷൻ അതിർത്തി താണ്ടിയണ് സംഘത്തിൻെറ വരവ്. തമിഴ്നാട് അതിർത്തി പങ്കിടുന്ന പൊഴിയൂർ സ്റ്റേഷൻ പരിധി എന്നും സമ്പൂർണ നിയന്ത്രണത്തിലാണ്. ഇടറോഡുകൾ വരെ നിരീക്ഷണമുള്ള ഇവിടം താണ്ടിയതെങ്ങനെയെന്നതും അധികൃതരെ കുഴക്കുന്നു. കൂടാതെ വിഴിഞ്ഞം-കളിയിക്കാവിള തീരദേശ റോഡിലുടനീളം കേരള പൊലീസിൻെറയും നിരവധി ചെക്കിങ് പോയിൻറുകളുമുണ്ട്. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ രാത്രി മുഴുവനും പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിരുന്നു. പൊലീസുകാരുടെ കണ്ണിൽ പെടാതെ കുട്ടിയും വൃദ്ധയുമടങ്ങുന്ന സംഘത്തിൻെറ ഓട്ടോയിലെ വരവും സംശയത്തിനിട വരുത്തിയിട്ടുണ്ട്. മത്സ്യബണ്ഡന വള്ളത്തിൽ കടൽമാർഗം ഏതെങ്കിലും തീരത്ത് വള്ളമടുപ്പിച്ച് വിഴിഞ്ഞത്ത് എത്തിയതാകാമെന്നും അധികൃതർ കരുതുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാർ ആരോഗ്യ വകുപ്പധികൃതരെയും തീരദേശ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് വർഗീസ്, തീരദേശസ്റ്റേഷൻ എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി. രാവിലെ പതിനൊന്നോടെ 108 ആംബുലൻസിൽ എല്ലാവരെയും തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.