അവശ്യസാധനങ്ങൾക്ക്​ പുറത്തിറങ്ങുന്നവർക്ക് പൊലീസ്​ വക പെറ്റി; പ്രതിഷേധം

ബാലരാമപുരം: അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവരെ ബാലരാമപുരം പൊലീസ് പെറ്റിയടിച്ചും വാഹനം പിടികൂടിയും പീഡിപ്പിക്കുന്നതായി പരാതി. പൊലീസിന് ഇഷ്ടപ്പെട്ട നേതാക്കൾ വിളിച്ചു പറയുന്ന വാഹനം കേസില്ലാതെ വിടുന്നതായും ആരോപണം ശക്തമാകുന്നു. ഹോട്സ്പോട്ടാണെന്ന പേരിൽ സാധാരണക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഹോട്സ്പോട്ട് മേഖലയിലും കടകൾക്ക് രണ്ട് മണിവരെ സമയം അനുവധിച്ചിട്ടുണ്ടെങ്കിലും ബാലരാമപുരം പൊലീസ് 12 മണിയോടെ എത്തി കടകൾ അടപ്പിക്കുന്നു. ഹോട്സ്പോട്ടുകൾ അല്ലാത്ത വെങ്ങാനൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ പൊലീസ് അനാവശ്യ ഭീതി പരത്തി കടകൾ അടപ്പിക്കുന്നു. ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വൻ ആശയക്കുഴപ്പം തുടർന്നതോടെ പലയിടത്തും തുറന്ന കടകൾ പൊലീസ് അടപ്പിക്കുന്നത്. എന്നാൽ, ഹോട്സ്പോട്ടുമായി ബന്ധമില്ലാത്ത പല സ്ഥലങ്ങളിലും പൊലീസെത്തി വ്യാപാരികളെ നിർബന്ധിപ്പിച്ച് കടകളടപ്പിച്ചു. നെയ്യാറ്റിൻകരയിൽ രണ്ടുപേർക്ക് ആദ്യപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബാലരാമപുരം ഹോട്സ്പോട്ടിൽ ഉൾപ്പെട്ടത്. ബാലരാമപുരം പഞ്ചായത്തു പ്രദേശത്തായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബാലരാമപുരം സ്റ്റേഷൻ പരിധി മുഴുവൻ ഹോട്സ്പോട്ടാണെന്ന് പ്രഖ്യാപനം നടത്തി. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ചന്തകളുടെ പ്രവർത്തനവും അവസാനിപ്പിച്ചു. ഇതോടെ വ്യാപാരികളും ദുരിതത്തിലായി. ചിലർ കലക്ടറുടെ ഓഫിസിലേക്ക് വിളിച്ച് കാര്യം തിരക്കി. ഹോട്സ്പോട്ടൊഴികെയുള്ള ഓറഞ്ച് സോണിൽ രാവിലെ 7 മുതൽ രാത്രി 7.30 വരെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്നായിരുന്നു കലക്ടറുടെ ഓഫിസ് നൽകിയ മറുപടി. ഇക്കാര്യം ബാലരാമപുരം പൊലീസിനെ അറിയിച്ചെങ്കിലും അതൊന്നും വിശ്വസിക്കാൻ അവർ തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നു. കോവിഡുമായി ബന്ധപ്പെട്ട 188 വകുപ്പ് ചുമത്തിയാണ് സാധാരണക്കാരെ ബാലരാമപുരം പൊലീസ് പെറ്റിയടിക്കുന്നത്. വൈറസ് പരത്താൻ ശ്രമിച്ചുവെന്ന വകുപ്പാണ് ബൈക്ക് പിടികൂടുന്നവരിൽ ചുമത്തുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.