തൊഴിലുറപ്പ്: കുടിശ്ശിക ഓണത്തിനുമുമ്പ് നല്‍കണം –കലക്ടര്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള വേതനകുടിശ്ശിക ഓണത്തിനുമുമ്പ് നല്‍കണമെന്ന് പഞ്ചായത്ത്, ബ്ളോക് അധികൃതര്‍ക്ക് കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശം നല്‍കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി ആസ്തി വികസനത്തിന് ശ്രമങ്ങളുണ്ടാകണമെന്നും അവലോകനയോഗത്തില്‍ കലക്ടര്‍ പറഞ്ഞു. കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിവഴി ഏറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധനയില്‍ ചില പോരായ്മകള്‍ കണ്ടത്തെിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോകണം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത കലക്ടര്‍മാരുടെ യോഗത്തില്‍ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിനെക്കുറിച്ച് പ്രത്യേകനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിലവിലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ തൊഴിലവസരമൊരുക്കി ആസ്തിവികസനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. മുന്‍ സാമ്പത്തിക വര്‍ഷം സാധനസാമഗ്രികള്‍ക്കായി ചെലവഴിച്ചത് 12.08 ശതമാനം തുകയാണ്. ഇപ്പോള്‍ ഒന്നരശതമാനമായി ചുരുങ്ങി. മൊത്തം ചെലവിന്‍െറ 40 ശതമാനം വരെ ഉപയോഗിക്കാമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്. ഇതുവഴി കൂടുതല്‍ ആസ്തിവികസനത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. അടുത്ത രണ്ടുമാസങ്ങളില്‍ കൂടുതല്‍ മഴ ലഭ്യമായില്ളെങ്കില്‍ കേരളം വരള്‍ച്ചയിലേക്ക് പോകും. ഈ സാഹചര്യത്തില്‍ മഴക്കുഴി നിര്‍മാണം, നിലവിലുള്ളവയുടെ പരിപാലനം, പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയവ തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുക്കാനായാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. വികസനം കൊണ്ടുവരുന്നതിനുള്ള മികച്ച അവസരമായി തൊഴിലുറപ്പുപദ്ധതിയെ മാറ്റണം. ജില്ലയില്‍ ജിയോ റഫറന്‍സിങ് നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍മേഖലകള്‍ കണ്ടത്തെി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണം. തൊഴില്‍ കാര്‍ഡ് പരിശോധനയും പുതുക്കലും 41 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. മറ്റ് പഞ്ചായത്തുകള്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് പദ്ധതി അവലോകനയോഗം വിളിക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ കൃത്യമായി നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.സി (ജനറല്‍) നീലകണ്ഠപ്രസാദ്, ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ ബി. പ്രേമാനന്ദ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.