കോടതി വിധി ലംഘിച്ച് മാര്‍ക്കറ്റ് തുറന്ന സംഭവം: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കുന്നംകുളം: ഹൈകോടതി നിര്‍ദേശം ലംഘിച്ച് നഗരസഭ പാറയില്‍ മാംസ മാര്‍ക്കറ്റ് തുറന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നെന്ന കാരണത്താല്‍ ഹൈകോടതി നിര്‍ദേശപ്രകാരം പൂട്ടിയ സ്റ്റാളുകള്‍ തുറന്ന നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യം, സെക്രട്ടറി ഇന്‍ ചാര്‍ജ് പത്മനാഭന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നവംബര്‍ 10നാണ് ഹൈകോടതി വിധിപ്രകാരം മുനിസിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നഗരസഭയുടെ പാറയില്‍, വലിയങ്ങാടി മാര്‍ക്കറ്റുകളിലെ 10 സ്റ്റാളുകള്‍ പൂട്ടിയത്. വൃത്തിഹീനമായ മാര്‍ക്കറ്റില്‍ അറവ് നടക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ മാംസ കച്ചവടം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ കെ.എ. സോമനാണ് കോടതിയെ സമീപിച്ചത്. ഇവിടെ കച്ചവടം നടത്തിയവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ളെന്ന് കണ്ടത്തെിയിരുന്നു. ഒന്നര മാസമായി കുന്നംകുളത്ത് മാംസ കച്ചവടം മുടങ്ങിയത് ഏറെ വിവാദങ്ങള്‍ക്കും കൗണ്‍സിലില്‍ ബഹളങ്ങള്‍ക്കും ഇടയാക്കി. ചാവക്കാട് നഗരസഭയുടെ ശാലയില്‍ അറവ് നടത്താന്‍ നഗരസഭാ അധ്യക്ഷനില്‍നിന്ന് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ താല്‍ക്കാലിക അനുമതി വാങ്ങിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 24ന് വൈകീട്ട് സ്റ്റാളുകള്‍ തുറന്നുകൊടുക്കാന്‍ നഗരസഭാ അധ്യക്ഷ സീത രവീന്ദ്രന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതിനെതിരെ കൗണ്‍സിലര്‍ കെ.എ. സോമന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനും ഹെല്‍ത്ത് സൂപ്പര്‍വെസര്‍ക്കും പരാതി നല്‍കി. എന്നാല്‍, പരാതി സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇതോടെ സോമന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ടി.പി. ഫര്‍ഷാദിന്‍െറ നേതൃത്വത്തില്‍ സ്റ്റാളുകള്‍ ക്രിസ്മസ് ദിനത്തില്‍ വീണ്ടും പൂട്ടി. കോടതി വിധി ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. സെക്രട്ടറിക്കും നഗരസഭാ അധ്യക്ഷക്കുമെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.