ജനക്ഷേമം മുന്‍നിര്‍ത്തിയാകണം വികസന പ്രവര്‍ത്തനങ്ങള്‍ –പ്രഫ.പി.ജെ. കുര്യന്‍

മല്ലപ്പള്ളി: ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അതിന്‍െറ ഫലത്തിന്‍െറ അടിസ്ഥാനത്തിലാകണം പ്രാമുഖ്യം തീരുമാനിക്കപ്പെടേണ്ടതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍. മല്ലപ്പള്ളി താലൂക്കിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമവും മല്ലപ്പള്ളി അറ്റ് ട്വന്‍റി 20 ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാകണം പ്രാധാന്യം. ഇതില്‍ കുടിവെള്ളത്തിനുതന്നെ പ്രാമുഖ്യം നല്‍കണമെന്നും കുര്യന്‍ പറഞ്ഞു. കോളനികളുടെ വികസനം, ലൈബ്രറി കെട്ടിടനിര്‍മാണം തുടങ്ങിയവക്ക് എം.പി ഫണ്ട് ചെലവഴിക്കാന്‍ തയാറാണ്. എന്നാല്‍, പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ റോഡുവികസനത്തിനാണ് എം.പി ഫണ്ട് ആവശ്യപ്പെടുന്നത്. നാട്ടിലത്തെുന്ന പണം മുഴുവന്‍ റോഡില്‍ ചെലവഴിക്കപ്പെടുകയും മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് ഒഴുകിപ്പോവുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. വീണ്ടും റോഡിന് പണം മുടക്കാന്‍ ജനപ്രതിനിധികള്‍ തയാറാകേണ്ടിവരുന്നു. നമ്മുടെ വികസന പ്രക്രിയയില്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്നതിന്‍െറയും ആസൂത്രണത്തിന്‍െറയും പോരായ്മ ഇവിടെ പ്രകടമാകുന്നത്. ത്രിതല പഞ്ചായത്തുകളും എം.പിയും എം.എല്‍.എയും തമ്മില്‍ ഏകോപനം ഉണ്ടാവുകയും ഓരോ പദ്ധതിക്കും നടത്തുന്ന മുതല്‍മുടക്ക് സംബന്ധിച്ച് ധാരണ രൂപപ്പെടുകയും ചെയ്യുന്നത് നല്ലതാണ്. ഇത്തരത്തില്‍ ആശയവിനിമയം ഉണ്ടായാല്‍ റോഡുകള്‍ മെച്ചപ്പെട്ടനിലയില്‍ പൂര്‍ത്തിയാക്കാനും സംരക്ഷിക്കാനും കഴിയും. ജനപ്രതിനിധികളുടെ ഫണ്ടുകൂടി റോഡിലേക്ക് ഒഴുക്കേണ്ടിവരില്ളെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി. പ്രാദേശികതലത്തില്‍ വികസനത്തിന് മുടക്കുന്ന പണത്തിന്‍െറ ഫലം കൂടി വിലയിരുത്തപ്പെടണം. സുതാര്യ പ്രവര്‍ത്തനശൈലിയാണ് വേണ്ടത്. അഴിമതിയില്ലാതെ പ്രവര്‍ത്തിക്കാനാകണം. അഴിമതിയുടെ കാര്യത്തില്‍ മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന നാട്ടിലെ സംസാരത്തില്‍ കുറെയെങ്കിലും യാഥാര്‍ഥ്യമുണ്ടാകാം. വികസനത്തെക്കുറിച്ച തെറ്റായ കാഴ്ചപ്പാടുകളും ഫണ്ട് വിനിയോഗത്തിലെ വൈകല്യങ്ങളുമാണ് ആരോപണങ്ങള്‍ക്ക് കാരണമാകുന്നത്. ആന്‍േറാ ആന്‍റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, മുന്‍ മന്ത്രി ടി.എസ്. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ്, വൈസ് പ്രസിഡന്‍റ് കുഞ്ഞുകോശി പോള്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി തോമസ്, റവ.ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, കിന്‍ഫ്ര ചെയര്‍മാന്‍ കെ.ഇ. അബ്ദുറഹ്്മാന്‍, തിരുവല്ല ഈസ്റ്റ്് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് കെ. ജയവര്‍മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മല്ലപ്പള്ളിയിലെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ സംഭാവന നല്‍കിയവരെ ആദരിച്ചു. മല്ലപ്പള്ളി താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. 2020-നെ ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുതലത്തില്‍ ആസൂത്രണം ചെയ്യണമെന്ന നിര്‍ദേശമാണ് പൊതുവേ ഉണ്ടായത്. പദ്ധതികള്‍ നടപ്പാക്കുമ്പോഴുള്ള ഏകോപനം കാര്യക്ഷമമാകേണ്ടതുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കാണ് പൊതുവേ നിര്‍ദേശമുണ്ടായത്. മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്ന 39 കോടിയുടെ കുടിവെള്ളപദ്ധതിക്ക് അംഗീകാരമായത് മാത്യു ടി .തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. കുടിവെള്ളപദ്ധതികള്‍ വിപുലീകരിച്ച് ഒന്നിലധികം ഗ്രാമപഞ്ചായത്തുകള്‍ക്കായി നടപ്പാക്കണമെന്ന ആവശ്യമാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.