തിരുവല്ല റെയില്‍വേ സ്റ്റേഷനെ ജനം മടുത്തു

തിരുവല്ല: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ദുരിതമേറിയതോടെ ജനം സ്റ്റേഷനെ കൈയൊഴിയാനൊരുങ്ങുന്നു. ഈ ദുരിതം കാണാത്ത മട്ടിലാണ് റെയില്‍വേയുടെ സമീപനം. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യാത്രക്കാരില്‍ ഒരുവിഭാഗം അയല്‍സ്റ്റേഷനുകളെ ആശ്രയിച്ചു തുടങ്ങി. അടിസ്ഥാന സൗകര്യം ഒരുക്കാതെ തിരുവല്ലയില്‍ പാത ഇരട്ടിപ്പിക്കലിന്‍െറ പേരില്‍ വരുത്തിയ മാറ്റങ്ങളാണ് വിനയായത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് റെയില്‍വേ. മേല്‍പാലം പൊളിക്കാന്‍ തീരുമാനിച്ചപ്പോഴും റവന്യൂ, പൊതുമരാമത്ത് അധികൃതരെ അറിയിച്ചത് വളരെ വൈകിയാണ്. റോഡില്‍ ഗതാഗത നിയന്ത്രണം വേണ്ടിവരുമെന്നതിനാല്‍ പിന്നീട് റവന്യൂ അധികൃതര്‍ ഇടപെട്ട് യോഗം വിളിക്കുകയായിരുന്നു. 15നു തന്നെ പാലം പൊളിക്കാന്‍ തയാറെടുത്ത റെയില്‍വേയുടെ തീരുമാനം പിന്നീടു നടന്ന യോഗത്തിലാണ് നീട്ടിവെച്ചത്. തിരുവല്ലയിലെ ഒന്നും രണ്ടും പ്ളാറ്റ്ഫോമുകള്‍ അടച്ചിടുകയും മൂന്നും നാലും പ്ളാറ്റ്ഫോമുകളിലേക്ക് ട്രെയിനുകള്‍ എത്താന്‍ തുടങ്ങുകയും ചെയ്തിട്ട് ഒരാഴ്ചയായി. ഒന്നും രണ്ടും പ്ളാറ്റ്ഫോമുകളിലെ ട്രാക്കുകള്‍ നവീകരിക്കാനും സിഗ്നല്‍ സംവിധാനം പരിഷ്കരിക്കാനുമാണ് ട്രെയിനുകള്‍ പുതിയ പാത വഴി കടത്തിവിട്ടത്. എന്നാല്‍, പ്ളാറ്റ്ഫോമുകളിലെ അടിസ്ഥാന സൗകര്യം പൂര്‍ത്തിയാക്കാത്തത് യാത്രക്കാരെ വലച്ചു. രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ മറുവശത്തുള്ള മൂന്നാം നമ്പറില്‍ വലിയ ബുദ്ധിമുട്ടുകളില്ളെങ്കിലും രാത്രിയില്‍ യാത്രക്കാര്‍ വലയുകയാണ്. സ്റ്റേഷനില്‍ വെളിച്ചമോ റിസര്‍വേഷന്‍ കോച്ചുകളെ സംബന്ധിച്ച നമ്പറുകളോ ഇല്ലാത്തതുമാണ് പ്രശ്നം. ക്രോസിങ് ഉണ്ടാകുമ്പോള്‍ നാലാം നമ്പര്‍ പ്ളാറ്റ്ഫോമിലും ട്രെയിന്‍ എത്തും. ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ കൂടി ഓടുന്നതിനാല്‍ ക്രോസിങ് മിക്ക ട്രെയിനുകള്‍ക്കുമുണ്ട്. രാത്രിയിലും പകലും നാലാം നമ്പറില്‍ ട്രെയിന്‍ വന്നുകൊണ്ടേയിരിക്കുന്നു. മുംബൈ, ദല്‍ഹി, ബംഗളൂരു, ചെന്നൈ ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ നാലാം നമ്പറില്‍ എത്തുന്നുണ്ട്. പ്ളാറ്റ്ഫോമിന്‍േറതായ സൗകര്യം ഒരുക്കിയിട്ടില്ല. ട്രെയിനില്‍നിന്നു ചാടി ഇറങ്ങുകയും തിരികെ ചാടിക്കയറുകയും ചെയ്യണം. ബോഗിയുടെ പടിയില്‍ സൂക്ഷിച്ചു ചവിട്ടി മാത്രമേ നാലാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ കയറാനും ഇറങ്ങാനും കഴിയൂ. സ്ത്രീകളും കുട്ടികളും വയോധികരും ഇതിനാല്‍ ഏറെ ബുദ്ധിമുട്ടിലായി. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും സാങ്കേതികത്വത്തിന്‍െറ പേരില്‍ നടപടിയെടുക്കാനായില്ല. ട്രെയിന്‍ വരുമ്പോള്‍ മാറി നില്‍ക്കാന്‍പോലും ഇടമില്ലാത്ത സ്ഥിതിയാണ്. മൂന്ന്, നാല് പ്ളാറ്റ്ഫോമുകള്‍ക്കിടയിലെ നടപ്പാലം പൂര്‍ത്തിയാകാത്തത് മറ്റൊരു ദുരിതമാണ്. മൂന്നാം നമ്പറില്‍നിന്ന് മൂന്നടി ചാടിയിറങ്ങി ട്രാക് മുറിച്ചു കടന്ന് നാലാം നമ്പര്‍ പ്ളാറ്റ്ഫോമിലത്തെണം. രാത്രിയില്‍ ട്രാക് മുറിച്ചു കടക്കാനും നാലാം നമ്പര്‍ പ്ളാറ്റ്ഫോമിലും വെളിച്ചമില്ല. മൂന്നില്‍നിന്നു നാലിലേക്കുള്ള മേല്‍പാലം നിര്‍മാണഘട്ടത്തിലാണ്. ഇതു പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച കൂടിയെങ്കിലും വേണം. മേല്‍പാലവും നാലാം നമ്പര്‍ പ്ളാറ്റ്ഫോമും പൂര്‍ത്തിയാകാതെ ഒന്നും രണ്ടും പ്ളാറ്റ്ഫോമുകള്‍ അടച്ച് പണി നടത്തരുതെന്ന ആവശ്യമുണ്ടായിരുന്നു. പുതിയ മേല്‍പാലം കൂടി പൂര്‍ത്തിയായെങ്കിലേ ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകൂ. നിലവിലുള്ള മേല്‍പാലത്തിലൂടെ ഒരു ട്രാക് കടന്നുവരുന്നതിനാല്‍ അതിനെ രണ്ടാം നമ്പര്‍ ട്രാക്കുമായി ബന്ധപ്പെടുത്തി ഉയര്‍ത്തുകയാണിപ്പോള്‍. ഇതുമുറിച്ചു മാറ്റി മൂന്ന്, നാല് ട്രാക്കിലേക്ക് ബന്ധിപ്പിച്ച് ട്രെയിന്‍ ഓടിക്കുകയാണ്. ഇതോടെയാണ് പുതിയ പ്ളാറ്റ്ഫോമുകള്‍ വേണ്ടിവന്നത്. ഇതോടെ യാത്രക്കാര്‍ക്ക് ദുരിതവും ഏറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.