ഇലവുംതിട്ട മാര്‍ക്കറ്റിലെ മാലിന്യപ്രശ്നത്തിന് ആശ്വാസം

പന്തളം: എയറോബിക് മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഇലവുംതിട്ട പൊതുമാര്‍ക്കറ്റിലെ മാലിന്യപ്രശ്നത്തിന് ആശ്വാസം. മെഴുവേലി ഗ്രാമപഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എയറോബിക് മാലിന്യ സംസ്കരണ പ്ളാന്‍റുകളുടെ നിര്‍മാണം ആരംഭിച്ചത്. മാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു നാട്ടുകാര്‍. ആലപ്പുഴ നഗരസഭയില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിയ എയറോബിക് പ്ളാന്‍റുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് പഞ്ചായത്ത് കമ്മിറ്റി ഇലവുംതിട്ടയിലും പദ്ധതി ആരംഭിച്ചത്. 2015-16 വാര്‍ഷിക പദ്ധതിയില്‍ അഞ്ചുലക്ഷം വകയിരുത്തി ആരംഭിച്ച യൂനിറ്റിന്‍െറ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. 7.2 മീറ്റര്‍ വിസ്തൃതിയുള്ള പ്ളാന്‍റില്‍ ആറ് എയറോബിക് ബിന്നുകള്‍ സ്ഥാപിക്കും. ഒരു ബിന്നില്‍ 2.5 ടണ്‍ മാലിന്യം നിക്ഷേപിക്കാം. ആറു ബിന്നിലായി 15 ടണ്‍ മാലിന്യം ഒരേസമയം നിക്ഷേപിക്കാനുള്ള ശേഷി പ്ളാന്‍റിനുണ്ട്. പ്ളാന്‍റില്‍ തള്ളുന്ന മാലിന്യം 100ദിവസം കഴിയുമ്പോള്‍ ഒരുബിന്നില്‍നിന്ന് 1.5 ടണ്‍ ജൈവവളമായി മാറും. ഈ ജൈവവളം കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. പ്ളാന്‍റിന്‍െറ ഇലക്ട്രിക് ജോലികൂടി പൂര്‍ത്തിയായാല്‍ ഉദ്ഘാടനം നടത്തി പ്രവര്‍ത്തന സജ്ജമാക്കാനാണ് പഞ്ചായത്ത് തയാറെടുക്കുന്നത്. പ്ളാസ്റ്റിക്, വാഴയില, മുട്ടത്തോട്, വാഴക്കുലയുടെ അവശിഷ്ടങ്ങള്‍ ഒഴികെ അഴുകുന്ന ഏതുതരം മാലിന്യവും പ്ളാന്‍റില്‍ തള്ളാം. മാലിന്യങ്ങളില്‍നിന്ന് പ്ളാസ്റ്റിക് നീക്കം ചെയ്താവും നിക്ഷേപം. പരീക്ഷണാര്‍ഥം നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളില്‍ ഇത്തരം പ്ളാന്‍റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.