വേറിട്ട രുചിക്കൂട്ടൊരുക്കി ചക്കമഹോത്സവത്തിന് തിരിതെളിഞ്ഞു

പത്തനംതിട്ട: വേറിട്ട ചക്കരുചികളുമായി ജില്ലാ സ്റ്റേഡിയത്തില്‍ ചക്ക മഹോത്സവം ആരംഭിച്ചു. ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ട്യത്തിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഈമാസം 28വരെയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30വരെയാണ് പ്രദര്‍ശനം. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയില്‍ അണിനിരത്തുന്നത്. 300ല്‍പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്കോര്‍ട്ട് മേളയുടെ പ്രത്യേകതയാണ്. ചക്ക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന 12 സ്റ്റാളുകളും ഫുഡ് കോര്‍ട്ടുമാണ് ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ട്യത്തിന്‍െറ ഭാഗമായിട്ടുള്ളത്. മറ്റ് സംരംഭകരുടേതായി 250ഓളം സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇടിച്ചക്ക പൗഡറും ചക്കയൂണും ഈവര്‍ഷത്തെ ആകര്‍ഷണമാണ്. പോഷക സമൃദ്ധമായ ഇടിച്ചക്ക പൗഡര്‍ പാലില്‍ കലര്‍ത്തിയോ ദോശക്കും പുട്ടിനും ഒപ്പം കഴിക്കാം. ഇതിന് കിലോക്ക് 400 രൂപ മുതല്‍ 600 രൂപ വരെയാണ് വില. 60 രൂപയില്‍ തുടങ്ങുന്ന വിവിധതരം ചക്ക അച്ചാറുകളും ഉണ്ട്. വരിക്കച്ചക്ക കൊണ്ടുണ്ടാക്കിയ 10 ചക്ക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ചക്കയൂണ്. ഊണിന് 100 രൂപയാണ് വില. ഇതിന്‍െറ ചുമതല കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്. വൈകീട്ട് ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയും വില്‍പനക്കുണ്ട്. ഇടുക്കി, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പ്രധാനമായും ചക്ക എത്തുന്നത്. സെമിനാറുകള്‍, പ്ളാവിന്‍ തൈ വില്‍പന, ജൈവോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയുമുണ്ടാകും. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും. ചക്ക മഹോത്സവം ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. പഴുത്ത തേന്‍വരിക്കച്ചക്ക മുറിച്ചായിരുന്നു ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം നിര്‍വഹിച്ചത്. ചക്ക ഭക്ഷ്യമേളയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ രജനീ പ്രദീപും പ്രദര്‍ശന പവിലിയന്‍െറ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷന്‍ പി.കെ. ജേക്കബും നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. ജാസിംകുട്ടി, പി. മുരളീധരന്‍, എയ്ഞ്ചല്‍ മാത്യു, സുശീല പുഷ്പന്‍, ബിജിമോന്‍, ഷൈനി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.