കരിമരുന്ന് സ്ഫോടനത്തിന്‍െറ ഞെട്ടലില്‍ പോട്ടൂര്‍ ഗ്രാമം

എടപ്പാള്‍: ഉത്സവ ആഘോഷത്തിനിടെയുണ്ടായ കരിമരുന്ന് സ്ഫോടനം പോട്ടൂര്‍ ഗ്രാമത്തെ ദു$ഖത്തിലാഴ്ത്തി. പോട്ടൂര്‍ക്കാവ് ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിലെ മകരം പത്ത് ഉത്സവ ഭാഗമായി പുലര്‍ച്ചെ നടക്കാനിരുന്ന എഴുന്നള്ളിപ്പിന്‍െറ ഒരുക്കങ്ങള്‍ക്കിടെയാണ് കരിമരുന്ന് സ്ഫോടനമുണ്ടായത്. കരിമരുന്ന് സൂക്ഷിച്ച മുറിയുടെ നാല് ചുമരുകളും സ്ഫോടനത്തില്‍ തകര്‍ന്ന് കല്ലുകള്‍ പുറത്തേക്ക് തെറിച്ചു. തൊട്ടപ്പുറത്തെ മുറികളുടെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും പൊട്ടിച്ചിതറി. സ്ഥലത്ത് വ്യാപകമായി പുകയും പൊടിയും നിറഞ്ഞു. ശബ്ദം കേട്ട് ഓടിയത്തെിയവര്‍ക്ക് കുറച്ചുനേരം എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടയിലാണ് ചിതറിത്തെറിച്ച കല്ലുകളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍പ്പെട്ട മദ്ദള കലാകാരന്‍ ഷിനോജിനെ നാട്ടുകാര്‍ കാണുന്നത്. ഷിനോജിനെ കണ്ടത്തെിയതോടെ മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടത്തൊനായിരുന്നു പിന്നീട് നാട്ടുകാരുടെ ശ്രമം. വിവരമറിഞ്ഞ് പൊന്നാനിയില്‍നിന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ദുരന്തത്തെ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തിവെച്ചു. ഇതിനിടയില്‍ നടന്നത് ബോംബ് സ്ഫോടനമാണെന്ന പ്രചാരണം വ്യാപകമായതോടെ ജനം ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തിതുടങ്ങി. ഭയാശങ്ക സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെയും പൊലീസിന്‍െറയും സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ പ്രചാരണങ്ങളെ പരാജയപ്പെടുത്തി. വിദഗ്ധ പരിശോധക സംഘം സ്ഥലത്തത്തെി പരിശോധന നടത്തിയ ശേഷം കരിമരുന്ന് തന്നെയാണ് സ്ഫോടനത്തിന് കാരണമായതെന്ന് ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കി. 18 വര്‍ഷംമുമ്പ് ഉത്സവരാത്രി ഇവിടെ നടന്ന ഗാനമേള വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ആ സംഘര്‍ഷം വലിയ ദുരന്തമാണ് ഉത്സവത്തിന് നല്‍കിയത്. അതിന്‍െറ തിക്താനുഭവങ്ങള്‍ മാറിവരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കരിമരുന്ന് സ്ഫോടനം ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.