മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധി: അരീക്കോട്–നിലമ്പൂര്‍ 110 കെ.വി ലൈന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യം ശക്തം

നിലമ്പൂര്‍: മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദിഷ്ട അരീക്കോട്-നിലമ്പൂര്‍ 110 കെ.വി വൈദ്യുതി ലൈന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ മലപ്പുറം-മഞ്ചേരി സബ് സ്റ്റേഷനില്‍നിന്നാണ് നിലമ്പൂരിലേക്ക് വൈദ്യുതിയത്തെുന്നത്. ഇതുമൂലം നിലമ്പൂര്‍ മേഖലയില്‍ വൈദ്യുതി തടസ്സമുണ്ടാവുന്നത് പതിവാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് 1996ല്‍ സ്ഥാപിച്ച അരീക്കോട് 220 കെ.വി സബ് സ്റ്റേഷനില്‍നിന്ന് നിലമ്പൂരിലേക്ക് 110 കെ.വി ലൈന്‍ വലിക്കാന്‍ ആലോചനയിട്ടത്. ഇതിലൂടെ നിലമ്പൂരിലെ 66 കെ.വി സബ് സ്റ്റേഷനെ 110 കെ.വിയാക്കി ഉയര്‍ത്താനാണ് അരീക്കോട്-നിലമ്പൂര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്‍െറ ഭാഗമായി 2002ല്‍ കെ.എസ്.ഇ.ബി പ്രാഥമിക സര്‍വേ നടപടി പൂര്‍ത്തിയാക്കിയിരുന്നു. നിലമ്പൂരില്‍നിന്ന് മൈലാടി, അകമ്പാടം, മൊടവണ്ണ, ഓടായിക്കല്‍, ഒതായി, ചാത്തല്ലൂര്‍, പത്തനാപുരം ഭാഗങ്ങളിലൂടെയാണ് ലൈന്‍ കടന്നുപോവുക. ലൈനില്‍ മൊടവണ്ണക്കും ഓടായിക്കലിനുമിടയില്‍ 1.438 കിലോമീറ്റര്‍ ദൂരം നിലമ്പൂര്‍ നോര്‍ത് ഡിവിഷനില്‍ ഉള്‍പ്പെട്ട വനഭൂമിയാണ്. ഇവിടെ വനംവകുപ്പുമായി സഹകരിച്ച് തിയോഡ് ലൈറ്റ് സര്‍വേ നടത്താനും തീരുമാനിച്ചു. ലൈന്‍ കടന്നുപോവുമ്പോള്‍ ചെറുതും വലുതുമായ 1810 ഓളം വിവിധയിനം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ട്. 22 മീറ്റര്‍ വീതിയില്‍ 29 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുതിയ ലൈനിനായി റൂട്ട് ക്ളിയര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ ക്ളിയര്‍ ചെയ്യേണ്ട 3.16 ഹെക്ടര്‍ വന ഭൂമിക്ക് പകരമായി ഇരട്ടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വെണ്ടേക്കുംപൊയിലില്‍ സ്ഥലം കണ്ടത്തെി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അനുമതിക്ക് വേണ്ടി 2005 ജൂലൈ മാസത്തില്‍ കെ.എസ്.ഇ.ബി വനംവകുപ്പിന് സമര്‍പ്പിച്ച അപേക്ഷ ബംഗളൂരുവിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മതിയായ രേഖകളില്ളെന്ന് പറഞ്ഞു മൂന്ന് വര്‍ഷത്തിനുശേഷം 2008ല്‍ തിരിച്ചയച്ചു. ഇതേ വര്‍ഷം സര്‍വേ ആവര്‍ത്തിച്ച് വനംവകുപ്പ് ആവശ്യപ്പെട്ട രേഖകളടക്കം ജൂലൈ മാസത്തില്‍ നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒക്ക് സമര്‍പ്പിച്ചു. കാലതാമസം വന്നതിനാല്‍ നേരത്തേ കണ്ടത്തെിയ സ്ഥലത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വനവത്കരണം നടന്നിരുന്നു. ഇതിനു പകരമായി അരിമ്പ്രക്കുന്നില്‍ സ്ഥലം കണ്ടത്തെിയാണ് പുതിയ പ്രൊപ്പോസല്‍ കെ.എസ്.ഇ.ബി വനംവകുപ്പിന് സമര്‍പ്പിച്ചത്. 2009ല്‍ ഡിവിഷനല്‍ ഓഫിസില്‍നിന്ന് ബംഗളൂരുവിലേക്ക് പോയ അപേക്ഷ 2010 അവസാനം വീണ്ടും തിരിച്ചയച്ചു. അപേക്ഷ കാലഹരണപ്പെട്ടെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്. ലൈന്‍ കടന്നുപോകുന്ന വില്ളേജുകളില്‍ വനവത്കരണത്തിന് വിട്ടുകൊടുക്കാന്‍ റവന്യൂ ഭൂമിയില്ളെന്നുള്ള സര്‍ട്ടിഫിക്കറ്റും കലക്ടറുടെ നേതൃത്വത്തില്‍ തയാറാക്കി വീണ്ടും വനംവകുപ്പിന് സമര്‍പ്പിച്ചെങ്കിലും കേന്ദ്ര പാരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചില്ല. എന്നാല്‍, വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണ്ടയെന്ന കേന്ദ്രത്തിന്‍െറ പുതിയ തീരുമാനം മലയോര ജനതക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.