മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി എ. ഷൈനമോള്‍ ചുമതലയേറ്റു. കൊല്ലം കലക്ടറായിരിക്കെയാണ് സ്ഥലം മാറ്റത്തിലൂടെ എ. ഷൈനമോള്‍ ജില്ലയിലത്തെുന്നത്. കൊല്ലത്ത് നടപ്പാക്കി വിജയിച്ച പദ്ധതികള്‍ മലപ്പുറത്തും പ്രാവര്‍ത്തികമാക്കുമെന്ന് കലക്ടര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓഫിസിലിരുന്നുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കാണാന്‍ ശ്രമിക്കും. കൊല്ലം ജില്ലയില്‍ ഏറെ ജനപിന്തുണ ലഭിച്ച ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ എന്ന പരിപാടി മലപ്പുറത്തും പ്രാവര്‍ത്തികമാക്കും. ബ്ളോക്, താലൂക്ക് എന്നിവ കേന്ദ്രീകരിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനങ്ങള്‍ക്കരികിലത്തെി പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മലപ്പുറത്തെ സൗഹൃദ മനസ്സ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കലക്ടര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 10.15ന് കലക്ടറേറ്റിലത്തെിയ ഷൈനമോളെ എ.ഡി.എം പി. സെയ്യിദ് അലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മലകുമാരി ബൊക്കെ നല്‍കി. ചുമതലയേറ്റ ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കരിപ്പൂര്‍ വിമാനത്താവളം-ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, ഓപ്പ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതി, മണല്‍ഖനനം, ക്വാറി, ഭൂമിയുടെ ന്യായവില നിര്‍ണയത്തിലെ പ്രശ്നങ്ങള്‍, നിലമ്പൂര്‍ ബൈപ്പാസ്, ഹജ്ജ് തുടങ്ങി ജില്ലയെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. എസ്. വെങ്കടേസപതി തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിതനായതിനെ തുടര്‍ന്നാണ് കൊല്ലം ജില്ലാ കലക്ടറായിരുന്ന എ. ഷൈനമോള്‍ മലപ്പുറത്ത് ചുമതലയേറ്റത്. 2007 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ എ. ഷൈനമോള്‍ എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രൈനിങ് ഡയറക്ടറായും നിര്‍മിതി കേന്ദ്ര, ഹൗസിങ് ബോര്‍ഡ് എന്നിവയുടെ ചുമതലകളും വഹിച്ചിരുന്നു. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനില്‍ കേരളത്തിലത്തെിയത്. ഹിമാചലില്‍ അസി. കമീഷണര്‍ (ഡെവലപ്മെന്‍റ്), സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അഡീഷനല്‍ ഡെവലപ്മെന്‍റ് കമീഷണര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. എറണാകുളം ആലുവ സ്വദേശിനിയാണ്. ആലുവ യു.സി. കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിതാവ് എസ്. അബു റിട്ട. ഹൈസ്കൂള്‍ അധ്യാപകനാണ്. മാതാവ് പി.കെ. സുലൈഖ. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്സ് ജോയിന്‍റ് കമീഷണറും ഐ.പി.എസ് ഉദ്യോഗസ്ഥനായ സഹോദരന്‍ അക്ബര്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.