കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ്: പഞ്ചായത്ത്, നഗരസഭാ കമ്മിറ്റി രൂപവത്കരണം: സമവായ ചര്‍ച്ചകള്‍ പൂര്‍ത്തിയായി

കൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ട കൊടുവള്ളി മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വം വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളുടെ യോഗം വ്യാഴാഴ്ചയും കൊടുവള്ളി നഗരസഭയുടേത് വെള്ളിയാഴ്ചയുമാണ് നടന്നത്. വാര്‍ഡുതലത്തിലെ പ്രസിഡന്‍റ്, സെക്രട്ടറിമാരും കൗണ്‍സില്‍ അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. കളങ്കിതരല്ലാത്ത പുതുതായി നേതൃസ്ഥാനത്തേക്ക് വരേണ്ടവരെ സംബന്ധിച്ച് ഓരോ അംഗങ്ങളില്‍നിന്നും നേതൃത്വം വെവ്വേറെ അഭിപ്രായമാരാഞ്ഞ് രേഖപ്പെടുത്തുകയായിരുന്നു. ഈ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മണ്ഡലം കമ്മിറ്റി നാലുദിവസത്തിനകം യോഗം ചേര്‍ന്ന് നേതൃത്വത്തിലേക്ക് വരേണ്ടവരുടെ പേരുകള്‍ തയാറാക്കി സംസ്ഥാന, ജില്ലാ നേതൃത്വത്തിന് സമര്‍പ്പിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി അഡ്വ. വേളാട്ട് അഹമ്മദ് പറഞ്ഞു. വരാന്‍പോകുന്ന പഞ്ചായത്ത്, നഗരസഭ കമ്മിറ്റികളില്‍ കളങ്കിതരും ആരോപണവിധേയരായവരും നിലവിലെ കമ്മിറ്റി അംഗങ്ങളുമല്ലാത്തവര്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായമാണ് പ്രാദേശിക ഭാരവാഹികള്‍ നേതൃത്വത്തെ അറിയിച്ചതെന്നാണ് പറയുന്നത്. വരാന്‍പോകുന്ന കമ്മിറ്റികളില്‍ നിലവിലെ കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നേതൃത്വത്തെ സമീപിച്ച് കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ മറുപക്ഷം യോഗം വിളിച്ചുചേര്‍ത്ത് പരസ്യമായി രംഗത്തുവന്ന് നേതൃത്വത്തെ സമീപിക്കുകയുമുണ്ടായി. ഇതേതുടര്‍ന്നാണ് പ്രവര്‍ത്തകരുടെ മുഴുവന്‍ അഭിപ്രായം ആരായാന്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ മണ്ഡലം കമ്മിറ്റിയോട് സംസ്ഥാന ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. ഇതുപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം സമവായ രൂപവത്കരണത്തിനായി യോഗം ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.