കോഴിക്കോട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ചപ്പോള്‍ ജില്ലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം. തുടക്കത്തില്‍ ഏറെ പിറകിലായിരുന്ന യു.ഡി.എഫിന് അവസാനഘട്ടത്തില്‍ ജില്ലയില്‍ കടുത്ത മത്സരം നടക്കുന്ന പ്രതീതിയുണ്ടാക്കാനായി. ഇരുമുന്നണികളും വലിയ പ്രതീക്ഷയിലാണ്. എങ്കിലും ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ജില്ലയില്‍ അവരുടെ ചെറിയ മേല്‍ക്കോയ്മ തുടരുന്നു. ഇരുമുന്നണികളോടും കിടപിടിക്കുന്ന പ്രചാരണവുമായി ബി.ജെ.പിയും ജില്ലയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ്. കുറ്റ്യാടി, വടകര, കോഴിക്കോട് സൗത് മണ്ഡലങ്ങളിലാണ് എറ്റവുമൊടുവില്‍ പ്രവചനാതീതമായ മത്സരം രൂപപ്പെട്ടത്. കൊടുവള്ളി, തിരുവമ്പാടി എന്നിവിടങ്ങളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്, കുന്ദമംഗലം, പേരാമ്പ്ര, എലത്തൂര്‍, ബാലുശ്ശേരി, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഇപ്പോഴും ഇടത് മുന്‍തൂക്കമുണ്ട്. വടകരയില്‍ ആര്‍.എം.പി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സി.കെ. നാണു കഴിഞ്ഞതവണ ഇവിടെ ജയിച്ചത്. കോഴിക്കോട് സൗത്തില്‍ കടുത്ത മത്സരത്തിനിടയിലും മന്ത്രി മുനീറിന്‍െറ പ്രതിച്ഛായ തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കുറ്റ്യാടിയിലാണെങ്കില്‍ മേഖലയില്‍ ബോംബ് സ്ഫോടനത്തിനിടെ സി.പി.എമ്മുകാര്‍ക്ക് പരിക്കേറ്റ സംഭവവും പ്രവാസി നേതാവും കന്നിക്കാരനുമായ ലീഗ് സ്ഥാനാര്‍ഥിയുടെ സ്വാധീനവും ഇടതിന് വെല്ലുവിളിയാണ്. കുറ്റ്യാടി,കോഴിക്കോട് സൗത് എന്നിവക്കൊപ്പം പേരാമ്പ്ര മണ്ഡലം ഇടതുപക്ഷത്തിന് ആശങ്കയുയര്‍ത്തുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് പ്രകടമാവുന്നത്. ബി.ജെ.പിയുമായി യു.ഡി.എഫ് രഹസ്യ ധാരണ ആരോപിക്കുന്നത് മുഖ്യമായി ഈ മണ്ഡലങ്ങളിലാണ്. കുന്ദമംഗലത്ത് ഇടത് സിറ്റിങ് എം.എല്‍.എക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുവ കോണ്‍ഗ്രസ് നേതാവ് കാഴ്ചവെക്കുന്നത്. എങ്കിലും കുന്ദമംഗലം മണ്ഡലത്തില്‍പെട്ട ഒളവണ്ണ പഞ്ചായത്തിലെ സി.പി.എം മേല്‍ക്കോയ്മയാണ് ഇടതിന്‍െറ പ്രതീക്ഷ. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇപ്പോഴും യു.ഡി.എഫിന് പ്രതീക്ഷയുണ്ട്. കൊടുവള്ളിയില്‍ ലീഗ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗില്‍നിന്നുതന്നെ പടയുണ്ടായത് ഇടതിന് വന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും മണ്ഡലത്തില്‍ ലീഗിന്‍െറ വലിയ സ്വാധീനം വഴി പിടിച്ചുനില്‍ക്കാനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കോഴിക്കോട് നോര്‍ത്തില്‍ കടുത്ത പ്രചാരണമാണ് നടന്നത്. എങ്കിലും പ്രദീപ് കുമാറിന്‍െറ മണ്ഡലത്തിലെ ഇടപെടലുകള്‍ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. ബേപ്പൂരില്‍ യുവനേതാവില്‍നിന്ന് കടുത്ത വെല്ലുവിളി മേയര്‍ വി.കെ.സി. മമ്മദ് കോയ നേരിടുന്നുവെങ്കിലും അദ്ദേഹത്തിന്‍െറ സര്‍വാദരണീയതയിലാണ് ഇടതുപ്രതീക്ഷ. എലത്തൂരും ബാലുശ്ശേരിയും ഇടത് അനുകൂല മണ്ഡലമായാണ് കരുതപ്പെടുന്നത്. എന്നാല്‍, ബാലുശ്ശേരിയില്‍ ഇടത് സിറ്റിങ് എം.എല്‍.എ സീറ്റ് നിലനിര്‍ത്താന്‍ കടുത്ത ചെറുത്തുനില്‍പിലാണ്. ഇവിടെ ബി.ജെ.പി ഗണ്യമായി വോട്ട് വര്‍ധന പ്രതീക്ഷിക്കുന്നു. കൊയിലാണ്ടി യു.ഡി.എഫ് അനുകൂല മനസ്സുള്ള മണ്ഡലമായാണ് എണ്ണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള അസ്വാരസ്യം തങ്ങള്‍ക്കനുകൂലമാകുമെന്ന് ഇടതുപക്ഷം കരുതുന്നു. സര്‍ക്കാറിന്‍െറ അവസാനനാളുകളില്‍ നടപ്പാക്കാനായ വിവിധ പദ്ധതികള്‍ നിരത്തി ഭരണത്തുടര്‍ച്ച മുന്നോട്ടുവെച്ചുള്ള പ്രചാരണം ഫലംകണ്ടതായി യു.ഡി.എഫ് നേതാക്കള്‍ കരുതുന്നു. 13ല്‍ 10 സീറ്റും നേടിയ ഇടത് മേല്‍ക്കോയ്മ ഇത്തവണ അവസാനിക്കുമെന്ന പ്രതീക്ഷ പങ്കിടുകയാണവര്‍. ആറിടത്ത് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും 11 സ്ഥലത്ത് പോരിനിറങ്ങുന്ന എസ്.ഡി.പി.ഐയും ശക്തമായ പ്രചാരണം നടത്തിയിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി മന്ത്രി നിതീഷ് കുമാര്‍, ഓസ്കര്‍ ഫെര്‍ണാണ്ടസ്, എ.ഐ.സി.സി സെക്രട്ടറി ദീപക് ബാസരിയാ, വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ യു.ഡി.എഫിനായും സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സുഭാഷിണി അലി, വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയവര്‍ ഇടതുമുന്നണിക്കായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സുരേഷ് ഗോപി തുടങ്ങിയവര്‍ എന്‍.ഡി.എക്കായും പ്രചാരണ ത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.