നന്തിബസാര്‍: മുടാടി-തുറയൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുചുകുന്നിലെ അകലാപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കുന്നതിനായുള്ള മുറവിളിക്ക് ഇനിയും മറുപടിയില്ല. മലയോര വികസനത്തിന് വഴിതെളിയിക്കുന്ന കണ്ണൂര്‍-കൊയിലാണ്ടി ബദല്‍ റോഡ് യാഥാര്‍ഥ്യമാകണമെങ്കില്‍ ഈ പാലം വരണം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ ഗ്രാമങ്ങളെയും ടൗണുകളെയും ബന്ധിപ്പിക്കുന്നതാണ് ബദല്‍ റോഡ്. കൊയിലാണ്ടിയില്‍നിന്ന് കണ്ണൂരേക്കുള്ള 70 കി.മീ. ദൂരം 56 കി.മീറ്ററായി ചുരുങ്ങും. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമാകും. ദേശീയപാതയിലെ ആനക്കുളങ്ങരനിന്ന് ആറര കിലോമീറ്റര്‍ ദൂരമാണ് മുചുകുന്ന് അകലാപ്പുഴ കടവിലേക്ക്. കടവ് കടന്നാല്‍ തുറയൂരായി. അട്ടക്കുണ്ട്, ചെരണ്ടത്തൂര്‍, വില്യാപ്പള്ളി, കല്ളേരി കുനിങ്ങാട്, പുറമേരി, ഇരിങ്ങണ്ണുര്‍, പെരിങ്ങത്തൂര്‍വഴി കണ്ണൂരിലത്തൊം. 21 പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍ കടന്നുപോകുന്ന പ്രസ്തുത റോഡിനുവേണ്ടി അകലാപ്പുഴയില്‍ നിര്‍മിക്കേണ്ട പാലത്തിന് 218 മീറ്റര്‍ നീളം വേണ്ടിവരും. അക്കരെയുള്ളവര്‍ക്ക് ആശുപത്രി, സ്കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കും മറ്റു ആവശ്യങ്ങള്‍ക്കായി ടൗണുകളിലേക്കും പോകാന്‍ ആദ്യം കടത്തുതോണി ഏര്‍പ്പെടുത്തിയിരുന്നു. കുറച്ചുകാലമായി കടത്തുതോണിയും ഇല്ല. കഴിഞ്ഞവര്‍ഷം പാലത്തിനായി സര്‍വേ നടന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.