ഹോട്ടലുകളിലെ പരിശോധന തുടരുന്നു: കടപ്പുറത്തെ ഉന്തുവണ്ടികള്‍ പൂര്‍ണമായും നീക്കംചെയ്തു

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍െറ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്‍െറ പരിശോധന വ്യാഴാഴ്ചയും തുടര്‍ന്നു. ബീച്ചില്‍നിന്ന് ഉന്തുവണ്ടികള്‍ പൂര്‍ണമായും നീക്കംചെയ്തു. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഉന്തുവണ്ടികളില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ളെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യയോഗ്യമല്ലാത്ത ഉപ്പിലിട്ടതും അച്ചാറുകളും മറ്റു ഉല്‍പന്നങ്ങളും വിറ്റ മൂന്ന് ഉന്തുവണ്ടികള്‍ പിടികൂടിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മുഴുവന്‍ ഉന്തുവണ്ടികളും കോര്‍പറേഷന്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ചത്തെ പരിശോധനയില്‍ ഉന്തുവണ്ടികളോട് അനുബന്ധിച്ചുള്ള 50ഓളം പഴയ ഫ്രിഡ്ജുകളും കണ്ടെടുത്തു. ഐസും മറ്റു ഭക്ഷ്യ ഉല്‍പന്നങ്ങളും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പഴയ ഫ്രിഡ്ജുകളാണ് പിടിച്ചെടുത്തത്. പല ഉല്‍പന്നങ്ങളും പുഴവരിച്ച നിലയിലായിരുന്നു. ഫ്രിഡ്ജിന്‍െറ പലഭാഗത്തും ഫംഗസും പൂപ്പലും കണ്ടത്തെി. പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലയണ്‍സ് പാര്‍ക്കിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ ഉപ്പിലിട്ടവയും മറ്റു ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു. ഇവയും വൃത്തിഹീനമായി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിലായിരുന്നു. പഴകിയ എണ്ണയും മറ്റും ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ബീച്ചിലെ ഉന്തുവണ്ടി കച്ചവടത്തിന് കര്‍ശനമായ ഉപാധികള്‍ ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. കടപ്പുറത്തെ നടപടിക്ക് പുറമെ മെഡിക്കല്‍ കോളജ്, പന്നിയങ്കര, മിംസ് പരിസരം, കാളൂര്‍ റോഡ്, മാങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ 20ഓളം ഹോട്ടലുകളിലും മറ്റു ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന നടത്തി. അംഗീകൃത തൊഴിലാളി സംഘടനകളുടെ ശിപാര്‍ശയോടെ മാത്രമേ ഉന്തുവണ്ടി കച്ചവടം അനുവദിക്കുകയുള്ളൂ, ശുചിത്വം കര്‍ശനമായി പാലിച്ചിരിക്കണം, ഭക്ഷ്യയോഗ്യമായ ഐസ് ആയിരിക്കണം ഉപയോഗിക്കേണ്ടത്, ഉന്തുവണ്ടികളല്ലാതെ പഴയ ഫ്രിഡ്ജ് പോലുള്ളവ ഉപയോഗിക്കാന്‍ പാടില്ല, ഉന്തുവണ്ടികള്‍ കച്ചവടം കഴിഞ്ഞാല്‍ കടപ്പുറത്തുനിന്ന് ദിവസവും മാറ്റണം, വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് കരുതണം, കോര്‍പറേഷന്‍ നല്‍കിയ നമ്പര്‍ വണ്ടിയില്‍ ഉണ്ടായിരിക്കണം, ആറുമാസത്തിലൊരിക്കല്‍ ജീവനക്കാര്‍ ആരോഗ്യപരിശോധന നടത്തണം തുടങ്ങിയ കാര്യങ്ങളാണ് കോര്‍പറേഷന്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കച്ചവടം നടത്താന്‍ ഓരോ വണ്ടിക്കും പ്രത്യേക മേഖലകള്‍ നല്‍കും. വൃത്തിപാലിക്കണമെന്നും മാലിന്യം സ്വയം സംസ്കരിക്കണമെന്നും നിബന്ധനവെക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി ഉന്തുവണ്ടി കച്ചവടക്കാരുടെ യോഗം കോര്‍പറേഷന്‍ അധികൃതര്‍ ഉടന്‍ വിളിച്ചേക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു കാരണവശാലും ഉന്തുവണ്ടികളില്‍ കടപ്പുറത്ത് കച്ചവടം ചെയ്യാന്‍ അനുവദിക്കില്ളെന്നും കോര്‍പറേഷന്‍ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. വിജയന്‍െറ നേതൃത്വത്തില്‍ വെള്ളയില്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി. സുരേഷ് ബാബു, സജികുമാര്‍, അബ്ദുല്‍ മജീദ്, സി.കെ. വത്സന്‍, ഇ.പി. ശൈലേഷ്, വി. ഖാലിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ ഹോട്ടലുകളിലും ബീച്ചിലെ ഉന്തുവണ്ടികളിലും പരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.