മുക്കം–കൊടിയത്തൂര്‍ റോഡില്‍ അപകടം പതിയിരിക്കുന്നു

കൊടിയത്തൂര്‍: 4.95 കോടി രൂപ മുടക്കി നവീകരിച്ച മുക്കം-കാരശ്ശേരി-കൊടിയത്തൂര്‍ (എന്‍.എം ഹുസൈന്‍ ഹാജി റോഡ്) റോഡില്‍ വന്‍ അപകടം പതിയിരിക്കുന്നു. നിറയെ വളവുംതിരിവും കയറ്റിറക്കവുമുള്ള റൂട്ടില്‍ ഒരു സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് കരാറുകാര്‍ ജോലി പൂര്‍ത്തിയാക്കിയത്. നവീകരണ പ്രവൃത്തിയില്‍ ഇത് ഉള്‍പ്പെടുന്നതാണെങ്കിലും വളവുകളില്‍ ദിശാ ബോര്‍ഡ്, ഓവുപാലങ്ങളുടെ ഇരു സൈഡിലും റിഫ്ളക്ട് ബോര്‍ഡ്, പച്ച പ്രതലത്തില്‍ സ്ഥലനാമങ്ങള്‍, റോഡിലെ വരകളില്‍ റിഫ്ളക്ടര്‍ പതിക്കല്‍, പുഴയോരമുള്ള ഭാഗത്ത് റോഡരികില്‍ കൈവരി കെട്ടല്‍ തുടങ്ങിവ ഇതുവരെ ചെയ്തതായി കാണുന്നില്ല. കാരശ്ശേരി ജങ്ഷന്‍ മുതല്‍ ചോണാട് വരെ കൊടുംവളവുകളും അപകടമേഖലയുമാണ്. കാരശ്ശേരി, കക്കാട് എന്നിവിടങ്ങളില്‍ രണ്ട് സ്കൂളുകളും ആറിലധികം മദ്റസകളും സ്ഥിതിചെയ്യുന്നുണ്ട്. കാരശ്ശേരിയെയും കക്കാടിനെയും വേര്‍തിരിക്കുന്ന തോടിന് കുറുകെയുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കം വന്നതുമാണ്. മാളിയേക്കല്‍ സ്ഥാപിച്ച രണ്ട് ഡിപ്പുകള്‍, മാളിയേക്കല്‍ മുതല്‍ കോട്ടമുഴി വരെയുള്ള പുഴയോരം തുടങ്ങിയ സ്ഥലങ്ങളിലൊന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ ദിശാ സൂചകങ്ങളോ ഇല്ലാത്തത് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുമെന്നാണ് പരാതി. കൊടിയത്തൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അപകട പ്രതിരോധ ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാവണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.