ബോട്ട് പിടിച്ചെടുത്ത സംഭവം: ഹാര്‍ബറില്‍ പ്രശ്നം രൂക്ഷമാവുന്നു

ബേപ്പൂര്‍: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചുവെന്ന കാരണത്താല്‍ ബോട്ട് പിടിച്ചെടുത്ത് പിഴയിട്ട സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മത്സ്യത്തൊഴിലാളികള്‍ അസിസ്റ്റന്‍റ് ഫിഷറീസ് ഡയറക്ടര്‍ അനില്‍കുമാറിനെ തടഞ്ഞു. ബേപ്പൂര്‍ പൊലീസ് എത്തി മത്സ്യത്തൊഴിലാളികളെ നീക്കിയശേഷമാണ് ഡയറക്ടര്‍ക്ക് പോവാന്‍ സാധിച്ചത്. അസിസ്റ്റന്‍റ് ഡയറക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് തൊഴിലാളികളാണ് ഡയറക്ടറുടെ നിഷേധാത്മക നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് ഉപരോധം തീര്‍ത്തത്. വ്യാഴാഴ്ചയാണ് അസി.ഡയറക്ടറും മത്സ്യത്തൊഴിലാളികളും തമ്മില്‍ പ്രശ്നം ഉടലെടുത്തത്. സര്‍ക്കാറിന്‍െറ പട്ടികയിലുള്ള പിടിക്കാന്‍ പാടില്ലാത്ത മത്സ്യങ്ങളെ പിടിച്ചുവെന്ന കാരണത്താല്‍ ബേപ്പൂര്‍ സ്വദേശി സി.പി. ജലീലിന്‍െറ ഉടമസ്ഥതയിലുള്ള അഫ്നാസ് ബോട്ട് അസിസ്റ്റന്‍റ് ഡയറക്ടറും സംഘവും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ മത്സ്യത്തൊഴിലാളിയോട് അമ്പതിനായിരം രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത് എത്തുകയും ചെയ്തു. പിടിച്ചെടുത്ത ബോട്ട് വിട്ടുതരണമെന്നും പിഴ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അസി. ഫിഷറീസ് ഡയറക്ടറെ തടഞ്ഞത്. ശനിയാഴ്ച പത്തുമണിക്ക് ഹാര്‍ബറില്‍ സര്‍വകക്ഷിയോഗം നടക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.