ആന ഇടഞ്ഞ സംഭവത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് വീഴ്ച; ചീഫ് സെക്രട്ടറിക്ക് പരാതി

കോഴിക്കോട്: എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ നഗരത്തെ പരിഭ്രാന്തിയിലാക്കി ആന ഇടഞ്ഞ സംഭവത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് വീഴ്ച. മയക്കുവെടി വെക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കാതെ അനധികൃതമായാണ് തൃശൂരില്‍നിന്ന് ആളെ വരുത്തിയതും ആന സംരക്ഷണ നിയമം കാറ്റില്‍പറത്തി ഇടഞ്ഞ കൊമ്പനെ ലോറിയില്‍ കയറ്റി തൃശൂരിലേക്ക് കൊണ്ടുപോയതും ജില്ലാ ഭരണകൂടത്തിന്‍െറ ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍െറ വിലയിരുത്തല്‍. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിനോട് വിശദീകരണം തേടിയിരുന്നു. ജില്ലാ വെറ്ററിനറി ഓഫിസറുടെ കസ്റ്റഡിയിലുള്ള മയക്കു തോക്കോ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥനെയോ ഉപയോഗപ്പെടുത്താതെയാണ് അമ്പാടിക്കണ്ണന്‍ നാല് മണിക്കൂറോളം മദപ്പാടില്‍ അഴിഞ്ഞാടിയത്. തോക്ക് പ്രവര്‍ത്തന രഹിതമായത് സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടര്‍ക്കും തൃശൂര്‍ ആസ്ഥാനമായ ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് നിവേദനം നല്‍കിയിട്ടുണ്ട്. ഇടഞ്ഞ ആനയെ നാല് മണിക്കൂറോളം പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ജില്ലാ കലക്ടറോട് വിശദീകരണം തേടിയതിന് പിന്നാലെയാണിത്. ജില്ലാ വെറ്ററിനറി ഓഫിസറുടെ കീഴിലുള്ള തോക്ക് ഉപയോഗിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച മൃഗഡോക്ടര്‍മാര്‍ ഉണ്ടായിട്ടും അവശ്യസമയത്ത് ഉപയോഗിച്ചില്ല എന്നാണ് പരാതി. പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ തോക്ക് ഉപയോഗ ശൂന്യമായതായും തോക്കില്‍ ഉപയോഗിക്കേണ്ട ഉഗ്രശേഷിയുള്ള മയക്കുമരുന്ന് ആമ്പ്യൂളുകള്‍ നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. നാലുവര്‍ഷം മുമ്പ് എല്ലാ ജില്ലകളിലെയും വെറ്ററിനറി ഓഫിസുകളിലേക്കും വിദേശത്തുനിന്നും 14 തോക്കുകള്‍ ഇറക്കുമതി ചെയ്യുകയും അവ ഉപയോഗിക്കാന്‍ മൃഗഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പുതിയപാലത്ത് ആന ഇടഞ്ഞ ദിവസം ജില്ലാ മൃഗസംരക്ഷണ വകുപ്പും പൊലീസും തൃശൂരിലെ അനധികൃത എലിഫെന്‍റ് സ്ക്വാഡിനെയാണ് വിളിച്ചത്. തൃശൂരില്‍നിന്ന് കോഴിക്കോട് എത്തുന്നതിലും എളുപ്പത്തില്‍ നിലമ്പൂര്‍ കരുളായിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താമായിരുന്നിട്ടും അനധികൃത സംഘത്തെ വിളിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ജില്ലയില്‍ കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും നേതൃത്വത്തില്‍ രണ്ട് ജന്തുനിവാരണ സമിതികളുണ്ടെങ്കിലും ആന ഇടഞ്ഞ സംഭവത്തില്‍ ഇവര്‍ മൗനമവലംബിച്ചത് സംശയകരമാണ്. മദപ്പാടില്‍ ആക്രമണ ഭീഷണിമുഴക്കിയ ആനയെ കോഴിക്കോട്ട് ജനവാസകേന്ദ്രത്തില്‍ നിര്‍ത്തിയാല്‍ അപകടമാണെന്ന പേരില്‍ നേരം പുലരും മുമ്പ് ലോറിയില്‍ കയറ്റി തൃശൂരിലേക്ക് കൊണ്ടുപോയതും നിയമവിരുദ്ധമാണ്. ലൈസന്‍സ് ഇല്ലാത്ത ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവരാനിടയായ സാഹചര്യത്തെ കുറിച്ച് ജില്ലാ ഭരണകൂടം മൗനം പാലിക്കുകയാണ്. കലക്ടറുടെ അനുമതി കൂടാതെ ആനകളെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്നാണ് ചട്ടം. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഒരു രേഖയുമില്ലാതെയാണ് ആനയെ കൊണ്ടുവന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ബുധനാഴ്ച ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായത്. രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകളും നാല് ബൈക്കുകളും തകര്‍ത്തതിന് പുറമെ പുതിയപാലത്തെ പള്ളിയുടെ ഗേറ്റ്, കല്ലുത്താന്‍ കടവ് റോഡിലെ വീട്ടുമതിലുകള്‍ എന്നിവയും തകര്‍ത്തിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം കലക്ടര്‍ ചെയര്‍മാനായ നാട്ടാന മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആനയാണ് ഇടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.