ദേശീയ സ്കൂള്‍ കായിക മേളക്ക് കോഴിക്കോട് ഒരുങ്ങുന്നു

കോഴിക്കോട്: ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കുന്ന 61ാമത് ദേശീയ സ്കൂള്‍ കായികമേളക്ക് കോഴിക്കോട് ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി വിവിധ സംഘടനാപ്രതിനിധികള്‍, വ്യാപാരി, ബസ്, ഓട്ടോ- ടാക്സി തൊഴിലാളി പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. അതിഥികള്‍ക്ക് ഒരുക്കേണ്ട യാത്രാസൗകര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അത്ലറ്റുകള്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന ഒഫീഷ്യലുകള്‍ക്കും മേള നാളുകളില്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഓട്ടോകളിലും കാറുകളിലും കുറഞ്ഞ നിരക്കില്‍ യാത്രക്കും സൗകര്യം ഒരുക്കും. ഓട്ടോകളില്‍ മെഡിക്കല്‍ കോളജ് മുതല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വരെ നൂറു രൂപക്ക് ഓട്ടോകളും മുന്നൂറ് രൂപക്ക് കാറുകളും സര്‍വിസ് നടത്തും. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാക്കും. ബസുകളും അധിക സര്‍വിസ് നടത്തും. ടാക്സി സര്‍വിസിനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ മേളയുടെ ഭാഗമായി ദീപാലംകൃതമാക്കും. മേളക്കത്തെുന്ന കേരള താരങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ പരിശീലനത്തിന് ഇറങ്ങും. 46 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളുമാണ് കേരളത്തില്‍നിന്ന് മേളയില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് മെഡിക്കല്‍ കോളജിന് സമീപം താമസ സൗകര്യവും ഏര്‍പ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ താമസ സൗകര്യത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ശുചിത്വ മിഷന്‍െറ നേതൃത്വത്തില്‍ മാലിന്യരഹിതമായി നടത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തിലധികം കായിക താരങ്ങളും ഉദ്യോഗസ്ഥരുമാണ് മേളക്ക് എത്തുന്നത്. മേളയോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍ 9446633963. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അസി. കലക്ടര്‍ രോഹിത് മീണ, അസി. പൊലീസ് കമീഷണര്‍ (ട്രാഫിക് സൗത്) എ.കെ. ബാബു, ആര്‍.ടി.ഒ കെ. പ്രേമാനന്ദന്‍, ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.