നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്‍െറ മറവില്‍ തട്ടിപ്പ്

കോഴിക്കോട്: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പു നടത്തിയ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ഒറിയന്‍സ് ബ്രീത്തിങ് വെല്‍നസ് എന്നപേരിലുള്ള കമ്പനിയിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ബാങ്ക് റോഡ്, മാവൂര്‍ റോഡിലുള്ള രണ്ട് ഏജന്‍സികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നിരവധിരേഖകളും ഉല്‍പന്നങ്ങളും കണ്ടെടുത്തു. രാധാകൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അബിയാബീസ് എന്‍റര്‍പ്രൈസസ് എന്നപേരില്‍ ബാങ്ക് റോഡിലുള്ള പി.എസ്.ആര്‍.ഒ കെട്ടിടസമുച്ചയത്തിലും എബ്നേസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അമര്‍ ഹെല്‍ത്ത് കെയര്‍ എന്നപേരില്‍ മാവൂര്‍ റോഡിലെ സില്‍വര്‍ പ്ളാസ കെട്ടിടസമുച്ചയത്തിലും പ്രവര്‍ത്തിച്ചുവരുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മണിചെയിന്‍ മാതൃകയില്‍ കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഒരാള്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരാളെ പരിചയപ്പെടുത്തി ഉല്‍പന്നങ്ങള്‍ വാങ്ങിപ്പിക്കുകയും അതിനത്തെുടര്‍ന്ന് വീണ്ടും ഈ കണ്ണിയില്‍ ആളുകളെ ചേര്‍ത്തുപോവുകയും ചെയ്യുകയെന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനരീതിയെന്ന് പൊലീസ് പറഞ്ഞു. നിലവിലുള്ള വിപണിവിലയേക്കാള്‍ 10ഉം 15ഉം ഇരട്ടിയിലധികം ഈടാക്കിയാണ് വീടുകള്‍തോറും ഏജന്‍റുമാര്‍ വിറ്റഴിച്ചതെന്ന് പൊലീസ് കണ്ടത്തെി. ഇത്തരത്തില്‍ 40 ഗ്രൂപ്പുകളുണ്ടാക്കുന്ന ഒരാള്‍ക്ക് ആകെ വ്യാപാരത്തിന്‍െറ അടിസ്ഥാനത്തില്‍ 2,70,000 രൂപവരെയാണ് മാസവരുമാനമായി വാഗ്ദാനം ചെയ്തത്. ഒരുവിധ ഗുണനിലവാര പരിശോധനയോ അംഗീകാരമോ ഇല്ലാത്ത ഉല്‍പന്നങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുവരെ ഉത്തമ മരുന്നെന്ന പേരില്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആസ്ഥാന ഓഫിസായ പാലക്കാടും ഒരേസമയം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏജന്‍സികള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ കൂടുതല്‍ പരിശോധനക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുവരെ ആരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. സിറ്റി പൊലീസ് ചീഫ് ഉമ ബെഹ്റയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. നോര്‍ത് അസിസ്റ്റന്‍റ് കമീഷണര്‍ ജോസി ചെറിയാന്‍, നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐ ജി. ഗോപകുമാര്‍, എസ്.ഐമാരായ രാജേന്ദ്രന്‍, പി. വേണുഗോപാല്‍, ദിലീപ് കുമാര്‍, ആനന്ദന്‍, അശോക് കുമാര്‍, എ.എസ്.ഐമാരായ എം. ഗജേന്ദ്രന്‍, കെ. ശ്രീനിവാസന്‍, എം. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജു, രാജന്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.