റോഡരികിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ നടപടി വരുന്നു

കോഴിക്കോട്: റോഡരികിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച പരിഷ്കരിച്ച കേരള ഒൗട്ട്ഡോര്‍ അഡ്വര്‍ടൈസിങ് നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പരസ്യബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വന്‍തോതില്‍ അപകടത്തിന് വഴിയൊരുക്കുന്നുവെന്ന വിലയിരുത്തലിന്‍െറ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില ബോര്‍ഡുകളില്‍ മരം വീണും അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിയമം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ നയത്തിലുള്ളത്. 2007ലെ റോഡ് സുരക്ഷാ നിയമം നിലവില്‍ ഉണ്ടെങ്കിലും ഇതിലെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള അനുമതിമാത്രം വെച്ച് എവിടെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്നതാണ് ഇപ്പോഴത്തെ രീതി. നടപ്പാതകള്‍, ഇടവഴികള്‍, മീഡിയനുകള്‍ എന്നിവയിലും റോഡിന്‍െറ അമ്പത് മീറ്റര്‍ പരിധിയിലും ബോര്‍ഡുകള്‍ അനുവദിക്കില്ളെന്ന് പുതിയനയം വ്യക്തമാക്കുന്നു. ബോര്‍ഡുകളില്‍നിന്ന് പ്രോജക്ട് ലൈറ്റുകള്‍ റോഡിലേക്കോ നടപ്പാതയിലേക്കോ ഉണ്ടാവാന്‍ പാടില്ല. ബസ് സ്റ്റോപ്പുകള്‍, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ പോസ്റ്റുകള്‍ എന്നിവിടങ്ങളിലും നിരോധമുണ്ട്. മൂന്നുമാസത്തേക്കാണ് പരസ്യബോര്‍ഡുകളുടെ കാലാവധി. ശേഷം അഞ്ച് പ്രവൃത്തി ദിവസത്തിനകം ഇത് നീക്കണം. പരസ്യ ഏജന്‍സികള്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തുകയിലേക്ക് അടക്കണം. പരസ്യ മേഖലയില്‍നിന്ന് പിന്മാറുമ്പോള്‍ ഈ തുക കമ്പനിക്ക് തിരികെ നല്‍കും. മുമ്പ് നിയമലംഘനം നടത്തിയ ഏജന്‍സികള്‍ക്ക് തുടര്‍ന്ന് പരസ്യ പ്രദര്‍ശനത്തിന് അനുമതി നല്‍കില്ല. മാത്രമല്ല, അഡ്വാന്‍സായി സ്വീകരിച്ച തുക തിരികെ നല്‍കുകയുമില്ല. സാമൂഹിക മൂല്യങ്ങള്‍ ലംഘിക്കാത്തതും മാന്യവുമായിരിക്കണം പരസ്യങ്ങള്‍ എന്നും നിര്‍ദേശവുമുണ്ട്. റോഡില്‍നിന്നുള്ള ദൂരം ലംഘിക്കുന്നവര്‍ക്ക് 2000 മുതല്‍ 7500 രൂപവരെ പിഴയിടും. രാവിലെ 11.30-3.30, രാത്രി 8.30 -7.30 എന്നീ സമയങ്ങളില്‍ മാത്രമേ ഓടുന്ന വാഹനങ്ങളില്‍ പരസ്യപ്രചാരണം അനുവദിക്കൂ. നഗ്നത, ജാതി, മത വിദ്വേഷം എന്നിവ ഉണര്‍ത്തുന്ന സിനിമകള്‍ അനുവദിക്കില്ല. സ്ത്രീ, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരെ ചൂഷണം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. മൃഗങ്ങളുടെ ക്രൂരതാ ചിത്രീകരണം, അക്രമം പ്രോത്സാഹിപ്പിക്കല്‍ എന്നിവയും അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍മാത്രമേ മരങ്ങള്‍ മുറിക്കാന്‍ പാടൂള്ളൂ. ഇതിനുമുമ്പ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ പരിശോധന നടത്തണമെന്നും നയം വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.