വടകര: ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിഞ്ഞ ദിനമില്ല. ചെറുതും വലുതുമായ അപകടങ്ങള്‍ ഏവരുടെയും ഉറക്കം കെടുത്തുകയാണ്. മടപ്പള്ളി ഗവ. കോളജിനു സമീപം അപകടം തുടര്‍ക്കഥയായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തുടര്‍ച്ചയായി മടപ്പള്ളി ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതോടെ, വെള്ളിയാഴ്ച 12.30ന് എസ്.എഫ്.ഐ നേതൃത്വത്തിലാണ് ആയിരത്തോളം വിദ്യാര്‍ഥികള്‍ മടപ്പള്ളി ദേശീയപാതയില്‍ ഉപരോധം നടത്തിയത്. കോളജ് ബസ്സ്റ്റോപ്പിനു സമീപം അപകടം തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഹോംഗാര്‍ഡിനെ നിയമിക്കാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തേതന്നെ കോളജ് പ്രിന്‍സിപ്പല്‍ ചോമ്പാല്‍ എസ്.ഐ, വടകര സി.ഐ, ഡിവൈ.എസ്.പി, റൂറല്‍ എസ്.പി, സിറ്റി പൊലീസ് കമീഷണര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അധികൃതര്‍ നടപടിയെടുത്തില്ല. അപകടം നിത്യസംഭവമായ സാഹചര്യത്തിലാണ് ഉപരോധ സമരം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വെള്ളിയാഴ്ച രണ്ടാം വര്‍ഷ ബി.എസ്സി വിദ്യാര്‍ഥിനി ബി.ആര്‍. അശ്വനിക്ക് മിനിലോറിയിടിച്ച് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥിനി അഷികക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സമരം നടക്കുന്നതറിഞ്ഞ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ശനിയാഴ്ച മുതല്‍ കോളജ് ബസ്സ്റ്റോപ്പിനു സമീപം ഹോംഗാര്‍ഡിനെ അനുവദിക്കാന്‍ തീരുമാനമായി. ഇതോടെയാണ് സമരം അവസാനിച്ചത്. സമരത്തിന് യൂനിയന്‍ ജനറല്‍ സെക്രട്ടറി സായൂജ്, യൂനിറ്റ് സെക്രട്ടറി ആഷിക്, ജോ. സെക്രട്ടറി അതുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയപാതയിലെ മത്സരയോട്ടമാണ് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നത്. അപകടമരണങ്ങളും മറ്റും തുടര്‍ക്കഥയായ സാഹചര്യത്തിലാണ് വടകര മേഖലയില്‍ ട്രാഫിക് സിഗ്നല്‍ തന്നെ സ്ഥാപിച്ചത്. ഇതിന്‍െറ തുടര്‍ച്ചയായി പൊലീസും ആര്‍.ടി.ഒയും ദേശീയപാത വകുപ്പും സംയുക്തമായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇവയിലൊന്നുപോലും നടപ്പാക്കിയില്ളെന്നാണ് ആക്ഷേപം. പൊലീസ് നടത്തുന്ന വാഹന പരിശോധന അപകടം വിളിച്ചുവരുത്തുന്ന രീതിയില്‍ വളവുകളില്‍ മറഞ്ഞുനിന്നാണെന്ന ആക്ഷേപവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.