കോഴിക്കോട്: വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനു സമീപം വൈദ്യുതി പാതയില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചവരെ ഷൊര്‍ണൂര്‍-മംഗളൂരു പാതയിലെ ഗതാഗതം സ്തംഭിച്ചത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. വെസ്റ്റ്ഹില്‍-എലത്തൂര്‍ സെക്ഷനില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ലൈന്‍ പൊട്ടിയതിനത്തെുടര്‍ന്ന് ഇരുമ്പകട്ട വീണ് ഗുരുതര പരിക്കേറ്റ റെയില്‍വേ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഗ്രേഡ് ജീവനക്കാരനായ കൃഷ്ണനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന വിനീഷിനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വിസ് മണിക്കൂറുകളോളം സ്തംഭിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. വൈദ്യുതി കമ്പി പൊട്ടി ഷോക്കേറ്റ് മരിച്ചെന്ന പ്രചാരണമാണ് ആദ്യമുണ്ടായത്. വൈദ്യുതി കമ്പി പൊട്ടിയ ശേഷം നടന്ന അറ്റകുറ്റപ്പണിക്കിടയിലാണ് അപകടമുണ്ടായതെന്നും ചിലര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് യാത്രക്കാര്‍ക്കും മനസ്സിലായില്ല. പിന്നീടാണ് സാധാരണ നടക്കാറുള്ള അറ്റകുറ്റപ്പണിക്കിടെ ലൈന്‍ പൊട്ടുകയും ഇതേതുടര്‍ന്ന് ലൈന്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്ന കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസ് രണ്ടു മണിക്കൂറാണ് വൈകിയത്. തുടര്‍ന്ന് ഈ വഴിയുള്ള മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടതോടെ ജോലിക്ക് പോകാനുള്ളവരും മറ്റു യാത്രക്കാരും ബുദ്ധിമുട്ടിലായി. ട്രെയിനുകള്‍ പിടിച്ചിട്ടതോടെ വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ ലെവല്‍ ക്രോസുകളിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു. പാതയിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. 10.47 മുതല്‍ 12.30 വരെ എലത്തൂര്‍ സ്റ്റേഷനില്‍ മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് പിടിച്ചിട്ടു. മംഗളൂരു-നാഗര്‍കോവില്‍ എറനാട് എക്സ്പ്രസ് 10.47 മുതല്‍ 12.35 വരെ കൊയിലാണ്ടി സ്റ്റേഷനിലും മംഗളൂരു-കോഴിക്കോട് പാസഞ്ചറും നാഗര്‍കോവില്‍-മംഗളൂരു എറനാട് എക്സ്പ്രസും 10.45 മുതല്‍ 12.52 വരെ കൊയിലാണ്ടി സ്റ്റേഷനിലും പിടിച്ചിട്ടു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി 12.25ഓടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കും 1.10ഓടെ കണ്ണൂര്‍ ഭാഗത്തേക്കുമുള്ള ഗതാഗതം പുന$സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.