മലയോര കര്‍ഷകരുടെ പോരാട്ടത്തിന് ശുഭാന്ത്യം

ബാലുശ്ശേരി: കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ, കായണ്ണ വില്ളേജുകളിലെ മലയോര കര്‍ഷകരുടെ ദീര്‍ഘകാല പോരാട്ടത്തിന് പര്യവസാനമായി. 1977ന് മുമ്പ് കൈവശരേഖകളുള്ള മുഴുവന്‍ കര്‍ഷകരുടെയും ഭൂനികുതി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ബാക്കിയുള്ള കര്‍ഷകരുടെ കൈവശഭൂമികളില്‍ വനം, റവന്യൂ വകുപ്പ് സംയുക്ത പരിശോധന നടത്തി നവംബര്‍ മൂന്നിന് മുമ്പ് കര്‍ഷകരുടെ നികുതിപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനും യോഗത്തില്‍ ധാരണയായി. സംയുക്ത ഭൂമി പരിശോധന നടത്തുന്നതില്‍ കര്‍ഷക താല്‍പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംമന്ത്രി അഡ്വ. കെ. രാജു, തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍കടലുണ്ടി, താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍, റവന്യൂ-വനംവകുപ്പ് സെക്രട്ടറിമാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, കോഴിക്കോട് ഡി.എഫ്.ഒ, എല്‍.ഡി.എഫ് നേതാക്കളായ വി.എം. കുട്ടികൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, ഒ.ഡി. തോമസ്, സണ്ണി കവലനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലയോര കര്‍ഷകരും റവന്യൂ വകുപ്പുമായി ഏറെക്കാലമായി നടന്നുവരുന്ന പോരാട്ടത്തിന് ഇതോടെ സമാപനംകുറിച്ചു. മലയോര കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരവധി തവണ പ്രക്ഷോഭസമരങ്ങളും ഇതിന്‍െറ പേരില്‍ നടന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.