വെള്ളക്കെട്ടും ചളിയും; വടകര –മാഹി കനാല്‍ തീരത്തെ ജീവിതം ദുരിതത്തില്‍

ആയഞ്ചേരി: മഴക്കാലമായതോടെ വടകര-മാഹി കനാലിന്‍െറ ഇരുകരകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതത്തിലായി. നടുക്കുനിത്താഴ മുതല്‍ കല്ളേരി വരെ വെള്ളക്കെട്ടും ചളിയും നിറഞ്ഞതാണ് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കനാല്‍ കുഴിച്ച് മണ്ണ് ഇരുകരകളിലും കൂട്ടിയിട്ടിരിക്കുകയാണ്. ഇതുകാരണം കൃഷി വ്യാപകമായി നശിച്ചു. ചളിയായതിനാല്‍ കാല്‍നടയാത്രപോലും പ്രയാസത്തിലായി. നാട്ടുകാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. തീരങ്ങള്‍ കരിങ്കല്‍കൊണ്ട് കെട്ടി ബലപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കനാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പകരം മണ്ണും മണലും വില്‍ക്കുന്നതിലാണ് കരാറുകാര്‍ക്ക് കൂടുതല്‍ ശ്രദ്ധയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കനാലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. ഇവ മൂയ്യോട്ട്താഴ ഒതയോത്തുഭാഗം കല്‍വെര്‍ട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച കനാല്‍ നിര്‍മാണം എങ്ങുമത്തെിയിട്ടില്ല. കനാലിന് ആഴംകൂടിയതോടെ വേനലില്‍ പരിസരത്തെ കിണറുകളില്‍ വെള്ളം വറ്റിയിരുന്നു. മഴക്കാലമായതോടെയാണ് ജലക്ഷാമത്തിന് പരിഹാരമായത്. അതിനുശേഷം വെള്ളക്കെട്ടും ചളിയും വന്നത് ജനജീവിതം വീണ്ടും ദുസ്സഹമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.