മാവൂര്‍: വരള്‍ച്ച രൂക്ഷമായതോടെ വാഴക്കൃഷി വ്യാപകമായി നശിക്കുന്നു. വാഴക്കാമ്പില്‍ ജലാംശം നഷ്ടപ്പെട്ട് കൂട്ടത്തോടെ ഒടിഞ്ഞുവീഴുകയാണ്. ചെറൂപ്പ പുഞ്ചപ്പാടത്ത് 200ഓളം വാഴകള്‍ ഇത്തരത്തില്‍ ഒടിഞ്ഞുവീണു. കുലച്ച നേന്ത്ര വാഴകളാണ് ജലം ലഭിക്കാത്തതിനാല്‍ ഒടിഞ്ഞുവീഴുന്നത്. നെല്ലിക്കോട്ടുകുഴിയില്‍ ബാലകൃഷ്ണന്‍, കളരിക്കല്‍ സുരേന്ദ്രന്‍, നെല്ലിക്കോട്ടുകുഴിയില്‍ സത്യന്‍, ഉണ്ണിരാജന്‍, സുബ്രഹ്മണ്യന്‍, കോയസന്‍, മാളിപറമ്പത്ത് സുനി എന്നിവരുടെ വാഴകളാണ് ഒടിഞ്ഞുവീണത്്. ശേഷിക്കുന്നവയും ഒടിഞ്ഞുവീഴാനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നട്ട വാഴകളാണ് ഇവ. ഒന്നരമാസത്തിനകം കുലവെട്ടാവുന്ന വാഴകള്‍ ഒടിഞ്ഞുവീഴുന്നത് കര്‍ഷകര്‍ക്ക് വന്‍സാമ്പത്തികനഷ്ടമാണുണ്ടാക്കുന്നത്. ബാങ്കില്‍നിന്നും മറ്റും ലോണെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയവര്‍ നിരവധിയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് കന്നും വളവും വാങ്ങിയും രാപകല്‍ വ്യത്യാസമില്ലാതെ അധ്വാനിച്ചുമാണ് ഇവര്‍ കൃഷിതുടങ്ങിയത്. സമീപത്തെ കുളങ്ങളില്‍നിന്നും കിണറുകളില്‍നിന്നും വെള്ളമെടുത്താണ് നനച്ചിരുന്നത്. കടുത്ത വേനലില്‍ ഇവ വറ്റിയതാണ് തിരിച്ചടിയായത്. സാധാരണ ഇടമഴ ലഭിക്കുന്നതിനാല്‍ കൃഷിക്ക് പ്രതിസന്ധിയുണ്ടാകാറില്ല. ഇത്തവണ ഇടമഴ ലഭിക്കാത്തതാണ് വാഴക്കൃഷിക്ക് വിനയായത്. ഇടമഴ ലഭിച്ചില്ളെങ്കില്‍ ഓരോ കര്‍ഷകനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.