കുടിവെള്ളക്ഷാമത്തിനിടെ പൈപ്പ് പൊട്ടലും

കോഴിക്കോട്: കുടിവെള്ളക്ഷാമത്തിനിടെ പൈപ്പ് പൊട്ടുന്നതും പലയിടത്തും വെള്ളം മുട്ടിക്കുന്നു. ചേവായൂര്‍, മെഡിക്കല്‍ കോളജ് വാര്‍ഡുകളിലാണ് പ്രശ്നം രൂക്ഷം. നഗരപാതാവികസനവുമായി ബന്ധപ്പെട്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ പണിക്കിടെയാണ് പൈപ്പ് പൊട്ടുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊട്ടിയ പൈപ്പ് അടക്കും. എന്നാല്‍, ദിവസങ്ങള്‍ക്കകം വീണ്ടും പൊട്ടും. ഇതോടെ വീണ്ടും വെള്ളം മുടങ്ങും. റോഡ് വേണോ വെള്ളം വേണോ എന്ന ശങ്കയിലാണ് നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് പലയിടത്തും ഉള്ളത്. ഇത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നറിയാത്തതും പൈപ്പുകളുടെ കാലപ്പഴക്കവുമാണ് ഇവ പൊട്ടാന്‍ ഇടയാക്കുന്നത്. വെള്ളം ലഭിക്കുന്ന ദിവസങ്ങളില്‍ പൈപ്പ് പൊട്ടുമ്പോള്‍ ഏറെ ജലം പാഴാവുകയും ചെയ്യും. പുഴകളില്‍ ഇപ്പോള്‍തന്നെ വെള്ളം വറ്റിയിരിക്കെ, പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നത് ദിവസങ്ങളോളം വെള്ളക്ഷാമത്തിന് കാരണമാവും. വെള്ളത്തില്‍ മാലിന്യം കലരാനുള്ള സാധ്യതയും പൊട്ടലിനെ തുടര്‍ന്ന് ഉണ്ടാവും. പൈപ്പ് പൊട്ടലിന് പുറമെ, ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയാണ്. മെഡിക്കല്‍ കോളജ്, ചേവായൂര്‍ ഭാഗങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കാത്തതാണ് പലയിടത്തും വെള്ളം കിട്ടാത്തതിന് കാരണം. ചേവായൂര്‍ വാര്‍ഡില്‍ മുത്തപ്പന്‍പാറ, പാറപ്പുറം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടെ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത്. ഈ വെള്ളം ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളിലേക്ക് ശേഖരിച്ചുവെക്കുകയാണ് ചെയ്യുന്നത്. കിണറുകള്‍ വറ്റിയതോടെ ഏക ആശ്രയവും ഈ പൈപ്പ് വെള്ളമാണ്. ഇതാണ് പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് മുടങ്ങുന്നത്. മായനാട് വാര്‍ഡില്‍ കോട്ടാമ്പറമ്പ്, കറ്റേടത്ത് മീത്തല്‍, മുളയടത്ത് മീത്തല്‍ എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷം. ഈ ഭാഗത്തെ രണ്ട് മിനി വാട്ടര്‍ സ്കീമുകള്‍ പണിമുടക്കിയിട്ട് ദിവസങ്ങളായി. മെഡിക്കല്‍ കോളജ് സൗത് വാര്‍ഡില്‍ പരപ്പില്‍ ഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. എല്ലായിടത്തും ലോറിയില്‍ വെള്ളം എത്തിക്കുക മാത്രമാണ് പോംവഴിയെങ്കിലും റവന്യൂവകുപ്പിന്‍െറ തടസ്സവാദങ്ങള്‍ ഇതിന് പാരയാവുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.